തിരുവനന്തപുരം: ഇ എം സി സി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാവുകയാണെന്നും എല്ലാക്കാര്യത്തിലും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
‘മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. അദ്ദേഹമറിയാതെ ഒന്നും സംഭവിക്കില്ല. എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിലിരിക്കുകയാണ് അദ്ദേഹം. എന്ത് ചോദിച്ചാലും എനക്കറിയില്ല എന്ന ഡയലോഗ് മാത്രം. പിണറായി വിജയന്റെ മുഖം മൂടി അഴിഞ്ഞു വീണു. അഴിമതിയുടെയും കള്ളത്തരത്തിന്റെയും മറ്റൊരു മുഖമാണ് ഇപ്പോള്‍ തുറന്നു വരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിന്റെ നുണകൾ പൊളിച്ചടുക്കുന്ന രേഖകൾ സ്വകാര്യ മാധ്യമം പുറത്തു വിട്ടിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം കളവാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം ആറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ തെളിയിക്കുന്നതായി സ്വകാര്യ മാധ്യമം അവകാശപ്പെടുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കര്‍, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി വിവിധി ഘട്ടങ്ങളില്‍ അമേരിക്കൻ കമ്പനി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
Discussion about this post