ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാനൊരുങ്ങി ഉത്തർ പ്രദേശ്. അടുത്ത് മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉത്തർ പ്രദേശിൽ പ്രവർത്തന സജ്ജമാകാൻ പോകുന്നത്. ഇതോടെ സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം അഞ്ചാകും.
യോഗി സർക്കാരിന്റെ വികസന പദ്ധതികളുടെ ഭാഗമായി കുശിനഗർ വിമാനത്താവളത്തിന് വേണ്ടി ഇരുന്നൂറ് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഡിജിസിഎയുടെ അംഗീകാരം ലഭിച്ച വിമാനത്താവളം ഉടൻ പ്രവർത്തനം ആരംഭിക്കും.
എൻസിആറിൽ പ്രവർത്തനം ആരംഭിക്കുന്ന ജേവാർ അന്താരാഷ്ട്ര വിമാനത്താവളം 2023ൽ ഉദ്ഘാടനം ചെയ്യാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്. ഇത് അടുത്ത വർഷത്തോടെ പ്രവർത്തന സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വിമാനത്താവളങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ടൂറിസം വരുമാനം വർദ്ധിക്കുമെന്നും അത് ഉത്തർപ്രദേശിന്റെ സമഗ്ര വികസനത്തിൽ നാഴികക്കല്ലാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ലഖ്നൗവിലും വാരാണസിയിലുമാണ് ഉത്തർപ്രദേശിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ളത്.
Discussion about this post