തിരുവനന്തപുരം: കേരളത്തിൽ പത്ത് ലക്ഷത്തിലേറെ ഇരട്ട വോട്ടുകളെന്ന് കണ്ടെത്തൽ. സംസ്ഥാനത്ത് ആകെ പതിനാല് ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകൾ ഉണ്ടായേക്കാമെന്നാണ് സ്വകാര്യ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയുടെ കണ്ടെത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്.
കേരളത്തിൽ നിലവിലുള്ള 4,34,000 ഇരട്ട വോട്ടുകളെക്കുറിച്ചാണ് തെളിവുസഹിതം പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കേരളത്തില്‍ 2,74,46,039 വോട്ടര്‍മാരാണുള്ളത്. ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇരട്ട വോട്ടുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
കേരളത്തിലെ 140 മണ്ഡലങ്ങളില്‍ എണ്‍പതോളം മണ്ഡലങ്ങളിലാണ് ഇരട്ടവോട്ടുകളുടെ ആധിക്യമുള്ളതെന്നും ഇവിടങ്ങളില്‍ ചുരുങ്ങിയത് ഓരോ മണ്ഡലത്തിലും അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിൽ ഇരട്ട വോട്ടുകളെങ്കിലുമുണ്ടായിരിക്കുമെന്നാണ് പുതിയ വെളിപ്പെടുത്തൽ.
സംസ്ഥാനത്തെ 25,000 ബൂത്തുകളിലായി 14 ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകളുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ വിശദമായ പരിശോധനയിലൂടെ കണ്ടെത്താനായ 4,34,000 വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത് എന്നുമാണ് വെളിപ്പെടുത്തൽ.
കേരളത്തിൽ കള്ളവോട്ടുകള്‍ വ്യാപകമായി ചെയ്തു തുടങ്ങിയത് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതലാണ്. അന്ന് 36 നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കള്ളവോട്ട് നടന്നിരുന്നു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ കത്തി നിന്നതിനാലാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ഏശാതെ പോയത്. തിരഞ്ഞെടുപ്പിന് തലേന്നാണ് കള്ളവോട്ടുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ അന്ന് വൈകുന്നേരം ഈ കാര്‍ഡുകള്‍ തിരിച്ചുവാങ്ങി കത്തിച്ചു കളയുകയും ചെയ്യുന്നതാണ് രീതിയെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും തല മാറ്റി വോട്ട് ചെയ്യുന്ന സംഭവങ്ങൾ വ്യാപകമാണ്. യഥാര്‍ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഉപയോഗിച്ച് ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുകൾ ഉണ്ടാക്കുന്നു. ഒരു ഫോട്ടോയില്‍ വേറെ പേരിലും വിലാസത്തിലും വോട്ടര്‍മാരെ നിരത്തുന്നു. കൂടാതെ അവശരും ശാരീരിക- മാനസിക പരിമിതികൾ ഉള്ളവരുമായ വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച ശേഷം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാർട്ടിക്കാർ വോട്ട് ചെയ്യുന്നു.
ജനാധിപത്യം നഗ്നമായി അട്ടിമറിക്കപ്പെടുന്ന ഈ പ്രക്രിയയിൽ രാഷ്ട്രീയക്കാരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത് എന്നത് പകൽ പോലെ വ്യക്തമാകുകയാണ്. ഈ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം ഉണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത അപമാനിക്കപ്പെടും എന്ന ആശങ്കയാണ് ജനാധിപത്യ വിശ്വാസികൾക്ക് ഉള്ളത്.












