കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ കേരള ഹൈക്കോടതിയുടെ കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുള്ളവര്‍ ഒരെണ്ണം മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷനോട് കടുത്ത ഭാഷയിലാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത് പതിനൊന്നാം മണിക്കൂറില്‍ ആയാല്‍ പോലും തെറ്റ് തെറ്റ് അല്ലാതാകുമോ എന്ന് കോടതി കമ്മിഷനോട് കോടതി ചോദിച്ചു. തെറ്റ് കണ്ടു പിടിക്കേണ്ടത് പരാതിക്കാരന്റെ ഉത്തരവാദിത്വമാണോ എന്നും കോടതി ചോദിച്ചു.
ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു വോട്ടർ പുതിയ വിലാസത്തിൽ വോട്ട് ചേർക്കുമ്പോൾ പഴയ വോട്ട് ഇല്ലാതാക്കാൻ ഉള്ള സംവിധാനം ഇല്ലേ എന്നും കോടതി ചോദിച്ചു. ഇതിനാവശ്യമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള ഒരു വിഷയമാണ് ഇരട്ട വോട്ടെന്ന് കോടതി വ്യക്തമാക്കി. ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.
Discussion about this post