തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ പ്രവചിച്ച് സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങൾ പുറത്തു വിട്ട അഭിപ്രായ സർവേ ഫലങ്ങൾ ചട്ടവിരുദ്ധമെന്ന് കണ്ടെത്തൽ. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2019ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വോട്ടെടുപ്പ് പൂർത്തിയാകുന്ന സമയത്തിന് 48 മണിക്കൂർ മുൻപു വരെയേ അഭിപ്രായ സർവേകൾ പാടുള്ളൂ. എന്നാൽ മാർച്ച് 29, 30 തീയതികളിൽ സർവേ ഫലം പുറത്തു വിട്ട ചാനലുകൾ നടത്തിയ ചട്ടലംഘനം ശ്രദ്ധയിൽ പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുകയാണ്.
തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് അസമിലും ബംഗാളിലും മാർച്ച് 27നായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്ന സമയത്തിന് 48 മണിക്കൂർ മുൻപ് വരെ മാത്രമേ സർവേകൾ പ്രസിദ്ധീകരിക്കാവൂ എന്ന ചട്ടമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ചട്ടമനുസരിച്ച് മാർച്ച് 25ന് വൈകിട്ട് 7 വരെ മാത്രമേ രാജ്യത്ത് അഭിപ്രായ സർവേകൾ പാടുണ്ടായിരുന്നുള്ളൂ.
എന്നാൽ ചട്ടലംഘനം വിവാദമായതോടെ സംസ്ഥാനത്ത് അഭിപ്രായ സർവേകൾ വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എൽഡിഎഫിന് വലിയ മേൽക്കൈ പ്രവചിച്ചുകൊണ്ടുള്ള 4 സർവേ ഫലങ്ങളാണ് കമ്മിഷന്റെ വിജ്ഞാപനം ലഘിച്ച് മാർച്ച് 25നു ശേഷം വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടത്.












