കാസർകോട്: മഞ്ചേശ്വരത്ത് ആറ് മണിക്ക് മുൻപ് എത്തിയവർക്ക് വോട്ടവകാശം നിഷേധിച്ചതായി പരാതി. മഞ്ചേശ്വരത്ത് 130ആം നംബർ ബൂത്തിലായിരുന്നു വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. ഇതിനെതിരെയാണ് ബിജെപി പ്രതിഷേധിക്കുന്നത്.
ഏഴ് മണിവരെ എത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് ആറ് മണിക്ക് മുൻപ് എത്തിയവരെ പോലും വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഇവിടെ വോട്ടിംഗ് യന്ത്രത്തിലെ തകരാർ നിമിത്തം രാവിലെ രണ്ട് മണിക്കൂറോളം വോട്ടിംഗ് നിർത്തി വെച്ചിരുന്നു. അപ്പോൾ വന്നിട്ട് മടങ്ങി പോയവരാണ് വൈകിട്ട് എത്തിയപ്പോഴും വോട്ട് ചെയ്യാൻ ആകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഈ നടപടി അസാധാരണമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ ആരോപിച്ചു. അദ്ദേഹത്തോടൊപ്പം നാട്ടുകാരും പ്രതിഷേധത്തിൽ പങ്ക് ചേരുകയാണ്.












