കൂത്തുപറമ്പ് : മന്‍സൂര്‍ കൊല്ലപ്പെട്ട ഏപ്രില്‍ ആറ് എന്ന ദിവസം മുസ്‌ലിം ലീഗ് മാത്രമല്ല, സി.പി.എമ്മും ഒരിക്കലും മറക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. ”ലീഗുകാര്‍ ഈ ദിനം ഓര്‍ത്തുവെക്കണമെന്നാണ് സി.പി.എമ്മുകാര്‍ എഴുതിയത്. ഞങ്ങള്‍ ഈ ദിവസം മറക്കില്ല. മരണം വരെ മറക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്റെ മരണ ദിവസമാണത്. പക്ഷേ, സി.പി.എമ്മുകാരും നെഞ്ചില്‍ കുറിച്ച് എഴുതിവെച്ചോളൂ, നിങ്ങളും ഈ ദിനം മറക്കില്ല. ഒരു നിരപരാധിയെ കൊന്നു തള്ളിയവരെ പുഴുത്ത പട്ടിയെ പോലെ േലാകം ഓര്‍ക്കും. കേരളത്തിലെ തെരുവില്‍നിന്ന് നിങ്ങളെ ജനം ആട്ടിയോടിക്കുമ്പോളും അവരുടെ മനസ്സില്‍ ഒരു ദയയും നിങ്ങളോടുണ്ടാവില്ല. അവിടേക്കാണ് പാര്‍ട്ടിയെ നിങ്ങള്‍ എത്തിക്കുന്നത്.” ഷാജി പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഡാന്‍സ് കളിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആവശ്യപ്പെടുന്ന സാഹിത്യകാരന്‍മാര്‍ വോട്ടുചെയ്യാനും കൊടി പിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മിണ്ടാത്തതെന്താണ്. ജനങ്ങള്‍ വെറുക്കേണ്ടത് കൊലയാളികളെ മാത്രമല്ല, അക്രമത്തിന്‍റെ ഫാക്ടറിയായ സി.പി.എമ്മിനെ കൂടിയാണ്” .കൊലപാതകത്തെ കുറിച്ച് സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നതിനെ ഷാജി രൂക്ഷമായി വിമര്‍ശിച്ചു
”മന്‍സൂറിന്‍റെ കൊലപാതകികള്‍ സാമൂഹിക സേവകരുടെ കുപ്പായമിട്ട ചെന്നായകളാണ്. അവരെക്കുറിച്ച് അത്യാവശ്യം നല്ല കാര്യങ്ങളൊക്കെ പറയാന്‍ ഉണ്ടാകും. എന്നാല്‍, ഒരുഭാഗത്ത് സൗമ്യതയുടെയും നന്മയുടെയും ചെറിയ വശങ്ങളുള്ള ഇവരൊക്കെ സി.പി.എമ്മിന്‍റെ ലേബലിലേക്ക് വരുമ്പോൾ കൊടുവാളെടുക്കുന്നവരായും മൃഗങ്ങളായും മാറുകയാണ്. പി. ജയരാജന്‍റെ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളില്‍ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നത്. അരയില്‍ കത്തിയും മടക്കിവെച്ച് പതിനായിരക്കണക്കിന് ആളുകള്‍ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണം” കെ.എം ഷാജി ചൂണ്ടിക്കാട്ടി.
കൂടിവന്നാല്‍ പ്രതികളെ പിടിക്കുകയാണ് ചെയ്യുക. പിടിച്ചാല്‍ തന്നെ അവര്‍ ആഴ്ചക്കാഴ്ചക്ക് സെന്‍ട്രല്‍ ജയിലില്‍നിന്ന് ടൂര്‍ വരാന്‍ റെഡിയായിരിക്കും. അവരുടെ വീട്ടിലെ കല്യാണം നടത്താന്‍ ഷംസീറിനെ പോലുള്ളവര്‍ എം.എല്‍.എമാരായി ഉണ്ടാകും. പിണറായി വിജയനെ പോലുള്ളവര്‍ മുഖ്യമന്ത്രിമാരായും ഉണ്ടാകും. യഥാര്‍ഥ അന്വേഷണം നടത്തേണ്ടത് സി.പി.എമ്മിനെ കുറിച്ചും അവരുടെ കൊലപാതക മെഷിനറിയെയും കുറിച്ചാണ്. കൊല്ലാന്‍ വന്നവനെ മാത്രമല്ല, കൊല്ലിച്ചവനെയും പിടികൂടണം. രാജ്യത്ത് കലാപങ്ങളുടെ സ്പോണ്‍സര്‍മാരായി ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു. പാനൂര്‍ കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിയമപോരാട്ടം നടത്തുമെന്നും കെ.എം ഷാജി പറഞ്ഞു.
Discussion about this post