ഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. ഇതോടെ ലാലുവിന് ജയിൽ വിട്ട് പുറത്തിറങ്ങാം. നിലവിൽ രോഗബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലാണ് മുൻ ബിഹാർ മുഖ്യമന്ത്രി.
ജാർഖണ്ഡിലെ ധുംകയിലെ ട്രഷറിയിൽ നിന്നും 3.13 കോടി രൂപ അനധികൃതമായി പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ലാലു ജയിലിൽ കഴിഞ്ഞിരുന്നത്. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാനോ, വീടോ ഫോൺ നമ്പറോ മാറാനോ പാടില്ല എന്ന് കോടതി ലാലുവിനോട് വ്യക്തമാക്കി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ വീണ്ടും ലാലുവിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കും.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് മൂന്നു കേസുകളിൽ കൂടി ലാലുപ്രസാദ് യാദവ് നിലവിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്. ഇവയിൽ ലാലുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.







