ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ഓക്സിജൻ എക്സ്പ്രസുകളുമായി ഇന്ത്യൻ റെയിൽവേ. ബൊക്കാറൊയിൽ നിന്നുമുള്ള ഓക്സിജനുമായി രണ്ടാം ഘട്ട തീവണ്ടികൾ ലഖ്നൗവിലെത്തി. ഉത്തർ പ്രദേശിലെ ഓക്സിജൻ ദൗർലഭ്യം കണക്കിലെടുത്താണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ രാജ്യമെമ്പാടും അതിവേഗം ഓക്സിജൻ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായാണ് ഓക്സിജൻ എക്സ്പ്രസുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
രാജ്യമെമ്പാടും ആവശ്യാനുസരണം ലിക്വിഡ് മെഡിക്കൽ ഓക്സിജനും ഓക്സിജൻ സിലിണ്ടറുകളും എത്തിക്കാൻ ഓക്സിജൻ എക്സ്പ്രസുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ആദ്യ ഓക്സിജൻ എക്സ്പ്രസ് ഇന്നലെ വിശാഖപട്ടണത്ത് നിന്നും നാഗ്പുരിലേക്ക് സർവീസ് നടത്തിയിരുന്നു.








