കൊല്‍ക്കത്ത: അവസാനഘട്ട പോളിംഗ് പുരോഗമിക്കുന്ന പശ്ചിമബംഗാളില്‍ പോളിംഗിനിടെ ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേര്‍ ജൊറസാങ്കോ പൊലീസ് സ്റ്റേഷനു മുന്നില്‍ ബോംബെറിഞ്ഞു. സ്ഥലത്ത് വോട്ട് ചെയ്യാനെത്തിയവരെ വിരട്ടി ഓടിക്കാനാണ് അക്രമികള്‍ ബോംബെറിഞ്ഞതെന്ന് ജൊറസാങ്കോ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിവേക് ഗുപ്ത ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. 9.30 വരെയുളള കണക്കനുസരിച്ച് രണ്ടര മണിക്കൂറില്‍ 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 84 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ടിംഗ് അവകാശം വിനിയോഗിക്കുക. മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ഭും, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇന്നാണ് വിധിയെഴുത്ത്.
ബോളിവുഡ് സൂപ്പര്‍താരം മിഥുന് ചക്രവര്‍ത്തി കൊല്‍ക്കത്തയിലെ കാശിപൂര്‍ ബെല്ഗാചിയ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ഭാര്യ സുദേശ് ധന്‍കാറും കൊല്‍ക്കത്തയില്‍ വോട്ട് രേഖപ്പെടുത്തി. ഇതിനിടെ ബഹ്റാംപൂരില്‍ കേന്ദ്രസേന വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇവിടെ ദൗലത്താബാദ് പൊലീസ് സജീവമായി രംഗത്തില്ലെന്നും പാര്‍ട്ടി ആരോപിച്ചു. മുര്‍ഷിദാബാദില്‍ ബൂത്ത് ഏജന്റുമാരെ സി.ആര്.പി.എഫ് ഭീഷണിപ്പെടുത്തുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് പരാതിപ്പെടുന്നു.
Discussion about this post