അബുദാബി : യു.എ.ഇ ആസ്ഥാനമായ വിമാനക്കമ്പനികൾ യാത്രക്കാർ മാസ്ക് ധരിക്കുന്നതിൽ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ യാത്രക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. അതേസമയം ചില വിഭാഗത്തിൽ പെട്ടവർക്ക് മാസ്ക് ധരിക്കുന്നതിൽ നിന്നും ഇളവുകൾ നൽകിയിട്ടുണ്ട്.
ആറു വയസ്സുമുതൽ പ്രായമുള്ള എല്ലാവരും മാസ്ക് ധരിക്കണം. ആറു വയസ്സിൽ താഴെയുള്ള കുട്ടികളെ മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം വിവിധ രോഗങ്ങളുള്ളവരെയും മാസ്ക് ധരിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവർ ഈ രോഗങ്ങളുണ്ടെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും വിമാന കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
പാർകിൻസൺ രോഗം, അൽഷീമേഴ്സ് രോഗം, ഡിമെൻഷ്യ, ഹൈഡ്രോ സെഫാലസ്, ഡൗൺ സിൻഡ്രോം, മാനസിക വളർച്ചയെത്താത്തവർ, ഓട്ടിസം തുടങ്ങിയ രോഗങ്ങൾ ഉള്ളവരെയാണ് മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.











