തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർഥികളെ കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കല്‍ വിദ്യാർഥികൾ വാക്സിൻ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്സിന്‍ എടുത്തവരാണ്.
രണ്ടാമത്തെ ഡോസ് വാക്സിൻ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഓക്സിജൻ ലഭ്യതയിൽ നിലവിൽ വലിയ പ്രശ്നങ്ങളില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഓക്സിജൻ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാർഥികളിൽ പഠനം കഴിഞ്ഞവർക്കു താൽക്കാലിക റജിസ്ട്രേഷൻ നൽകും. എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % കടന്ന പഞ്ചായത്തുകൾ ബുധനാഴ്ച മുതൽ അടച്ചിടും. എറണാകുളത്തെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ അടച്ചിടും. മുനമ്പം ഹാർബർ പൂർണമായി അടച്ചിടും.
കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും. ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങൾ തൽക്കാലത്തേക്കു നിർത്തണമെന്ന് ആവശ്യപ്പെട്ടും. സപ്ലൈക്കോ കൺസ്യൂമർഫെഡ് എന്നിവയ്ക്കു പുറമേ എൻജിഒകൾ രാഷ്ട്രീയ പാർട്ടികൾ അസോസിയേഷനുകൾ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജൻസികളായി പ്രവർത്തിക്കാന്‍ അനുമതി നൽകും. നേരിട്ടോ സർക്കാർ ഏജൻസികൾ വഴിയോ സഹായം വിതരണം ചെയ്യാം. വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയും. അത്തരം ഏജൻസികളെക്കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും. സർക്കാർ ഏജൻസികൾ മുഖേനയായിരിക്കും സഹായ വിതരണം.
സർക്കാർ ആശുപത്രികളിലെ 61.3 % ഐസിയു കിടക്കകളും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ വെന്റിലേറ്ററുകളിൽ 27.3 % ഉപയോഗത്തിലാണ്. മെഡിക്കൽ കോളജുകളിലെ 1731 കോവിഡ് ഓക്സിജൻ കിടക്കകളിൽ 1429 എണ്ണം ഉപയോഗത്തിലാണ്. ഓക്സിജൻ ഉറപ്പാക്കാൻ കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. രോഗികൾ വർധിക്കുന്നതിനാൽ ഓക്സിജൻ സ്റ്റോക്ക് വളരെ വേഗം കുറയുന്ന സാഹചര്യമാണുള്ളത്. 1000 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
Discussion about this post