ബീജിംഗ്: ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച് ലോകമാസകലം ഭീതിയായി പടരുന്ന കൊവിഡ് രോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ മൂലരൂപം ചൈനയുടെ ജൈവായുധമെന്ന ആക്ഷേപം ശക്തമാകുന്നു. ഇതിന് ഉപോൽബലകമായി വിമർശകർ ഉയർത്തിക്കാട്ടുന്നത് അഞ്ച് വർഷങ്ങൾക്ക് മുൻ പുറത്തായ ചൈനീസ് സൈനിക ശാസ്ത്ര വിഭാഗത്തിന്റെ രഹസ്യ രേഖയാണ്.
മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുകയാണെങ്കിൽ അത് ജൈവായുധങ്ങൾ ഉപയോഗിച്ചുള്ളതാവുമെന്നും സാർസ് കൊറോണ വൈറസ് ഇത്തരത്തിൽ ജൈവായുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളതാണെന്നും രേഖകളിൽ പറയുന്നു. ചൈനീസ് ശാസ്ത്രജ്ഞന്മാരും ചൈനീസ് പുതുജനാരോഗ്യ പ്രവർത്തകരും ചേർന്ന് 2015ൽ തയ്യാറാക്കിയ രേഖ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് ചോർന്ന് കിട്ടുകയായിരുന്നു.
വരും കാലങ്ങൾ ജനിതക ആയുധങ്ങളുടെ പുതിയുഗപ്പിറവി ആയിരിക്കുമെന്നും ഇത്തരം ആയുധങ്ങൾ കൃത്യമായി വിന്യസിച്ച് രോഗബാധകൾ സൃഷ്ടിച്ച് നേട്ടം കൊയ്യാൻ സാധിക്കുമെന്നും രേഖകളിൽ പറയുന്നതായി ഓസ്ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സാർസ് കൊറോണ വൈറസ് ചൈനയിലെ സർക്കാർ ലാബിൽ പിറവിയെടുത്തതാണെന്ന ആരോപണവുമായി ചൈനീസ് ഡോക്ടർ ലീ മെംഗ് യാൻ നേരത്തെ രംഗത്ത് വന്നിരുന്നു.
പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും രാഷ്ട്രീയവും തന്ത്രപ്രധാനവുമായ നേട്ടം കൊയ്യാൻ ജൈവായുധങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാമെന്ന് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post