തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ചാരായം വാറ്റ് വ്യാപകമാകുന്നു. അടൂരില്‍ ചാരായം വാറ്റുന്നതിനിടെ രണ്ട് പേരെ പോലീസ് പിടികൂടി. പെരിങ്ങിനാട് വെട്ടിക്കോട് വിള നാരായണന്‍ (67), പെരുംബാങ്കുഴി കിഴക്കേക്കര അലക്‌സ് (45) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പെരിങ്ങനാട്ടുള്ള റബ്ബര്‍ തോട്ടത്തിന് നടുവിൽ നിന്നുമാണ് ഇവർ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രണ്ട് ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ കോടയും നിര്‍മ്മാണ സാമഗ്രികളും ഇവരില്‍ നിന്ന് കണ്ടെടുടുത്തു. ഒരു കുപ്പി വാറ്റ് ചാരായം 2000 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് വിൽപ്പനശാലകളും അടഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചാരായം വാറ്റും വിദേശമദ്യക്കടത്തും വ്യാപകമായിരിക്കുന്നത്. കഞ്ചാവ് ലോബികളും സജീവമാണ്.
ഈ സാഹചര്യത്തിൽ പൊലീസും എക്സൈസും സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ചാരായം വാറ്റിന് പിന്നാലെ മദ്യക്കടത്ത്, കഞ്ചാവ് വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.












