ജെറുസലേം : ഇസ്രയേലിനെതിരെ പലസ്തീൻ അയയ്ക്കുന്ന റോക്കറ്റുകളിൽ പകുതിയോളം ഗാസയിൽ തന്നെ വീണു പൊട്ടുന്നതായി റിപ്പോർട്ട്. ഇത്തരം റോക്കറ്റുകൾ വീണ് നിരവധി പലസ്തീനികളും മരിക്കുന്നതായി പലസ്തീനിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് അറിയിച്ചത്. കഴിഞ്ഞ മെയ് 11 ന് പലസ്തീൻ അയച്ച റോക്കറ്റുകളിൽ ചിലത് ഗാസയിൽ തന്നെ പൊട്ടിത്തെറിച്ച രണ്ടു സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വടക്കൻ ഗാസയിലെ അൽ ഒമരി മോസ്കിനു സമീപം ഹമാസ് അയച്ച റോക്കറ്റ് വീണ് രണ്ട് കുട്ടികളടക്കം എട്ടു പലസ്തീൻകാർ കൊല്ലപ്പെട്ടു. റോക്കറ്റ് ലക്ഷ്യസ്ഥാനത്തേക്ക് എത്താതെ പലസ്തീൻ പ്രദേശത്ത് തന്നെ വീണതാണ് മരണകാരണമെന്ന് കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഡിസിഐപി വ്യക്തമാക്കി. ഈ സംഭവത്തിൽ പത്ത് കുട്ടികളടക്കം 34 പലസ്തീൻകാർക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഗാസയ്ക്ക് പടിഞ്ഞാറായി ബെയ്റ്റ് ഹാനുൻ പ്രവിശ്യയിലാണ് ഹമാസ് അയച്ച മറ്റൊരു റോക്കറ്റ് പൊട്ടിവീണതായി സംശയിക്കുന്നത്.സംഭവത്തിൽ ആറു കുട്ടികളടക്കം എട്ട് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഹമാസ് അയക്കുന്ന റോക്കറ്റുകളിൽ ചിലത് പലസ്തീനിൽ തന്നെ വീണു പൊട്ടി അപകടം സംഭവിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ആരോപണവുമായി ഇസ്രയേൽ സൈന്യവും രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് ഡിസിഐപി പറയുന്നു. അതേസമയം ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെടുന്നതിനെ ഡിസിഐപി അപലപിച്ചു. ഇരു വിഭാഗവും സാധാരണക്കാർക്ക് അപകടമുണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എത്രയും പെട്ടെന്ന് സംഘർഷം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം വെള്ളം കുടിക്കുന്നതു പോലെ നിസ്സാരമായി ഇസ്രയേലിനെ ബോംബിട്ട് ഇല്ലാതാക്കുമെന്ന് ഹമാസ് വ്യക്തമാക്കി. ഇതുവരെ പതിനാറ് ഭീകര നേതാക്കളെയാണ് ഇസ്രയേലിന്റെ ടാർഗറ്റഡ് ആക്രമണത്തിൽ ഹമാസിനു നഷ്ടമായത്.
Discussion about this post