പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മെട്രോമാൻ ഇ. ശ്രീധരൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിൽ പ്രതിജ്ഞാബന്ധനാണെന്ന് തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാർഡിലുൾപ്പെട്ട മധുരവീരൻ കോളനിയിലെത്തിയപ്പോൾ അവിടുത്തെ ഒട്ടേറെ കുടുംബങ്ങൾ വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ കുടിശ്ശിക തീർക്കാൻ സഹായിക്കണമെന്നും. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നൽകിയാണ് അദ്ദേഹം മടങ്ങിയത് .
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പിന്റെ ട്രാക്കിൽ നിന്നു മാറിയില്ല. 9 കുടുംബങ്ങൾക്കു വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനുള്ള തുകയും ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശ്ശിക തീർക്കാൻ 81,525 രൂപയുടെ ചെക്കും അദ്ദേഹം കെഎസ്ഇബി കൽപാത്തി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ പേരിൽ അയച്ചു നൽകി. ഇതിന്റെ സമ്മത പത്രം നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് കൈമാറി. വാർഡ് കൗൺസിലർ വി.നടേശൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ്, ആശാ പ്രവർത്തക സെമീന എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വാർഡ് തല ആർആർടി അംഗങ്ങൾക്ക് പൾസ് ഓക്സിമീറ്ററും വിതരണം ചെയ്തു.
Discussion about this post