കോഴിക്കോട്: മൂന്നാര്‍ സമരത്തിന്റെ ആസൂത്രകനെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ‘തമിളര്‍ ദേശീയ മുന്നണി’ സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാലശിങ്കത്തെയാണ് മൂന്നാറിലെ തമിഴ് സ്ത്രീ തൊഴിലാളി നേതാക്കള്‍ തള്ളിപ്പറഞ്ഞത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ബാലശിങ്കത്തെ അറിയില്ലെന്ന തോട്ടം തൊഴിലാളി നേതാവിന്റെ വിശദീകരണം വന്നത് .ഇതോടെ അന്‍വര്‍ ബലാശിങ്കം ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ച രാത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവറി’ല്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മൂന്നാര്‍ സമര സമിതി നേതാവ് സുന്ദരവല്ലി ബാലശിങ്കത്തെ തനിക്കോ, മറ്റ് നേതാക്കള്‍ക്കൊ, തൊഴിലാളികള്‍ക്കോ അറിയില്ലെന്ന് വ്യക്തമാക്കിയത്. മൂന്നാറിലുള്ള ആര്‍ക്കും ഇദ്ദേഹത്തെ അറിയില്ല. പിന്നെ എങ്ങനെ ബാലശിങ്കം സമരനേതാവാകുമെന്നും സുന്ദരവല്ലി ചോദിച്ചു. ഇതത്തേുടര്‍ന്ന് അവകാശവാദം അവസാനിപ്പിക്കുകയാണെന്ന് ബാലശിങ്കം പറഞ്ഞു. തൊഴിലാളികള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ ബാലശിങ്കം തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയി. മൂന്നാര്‍ സമരത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചില തീവ്രവാദികളെന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു സമരത്തിന്റെ ആസൂത്രകന്‍ താനാണെന്ന വാദവുമായി ബാലശിങ്കം രംഗത്തെത്തിയത്. തൊഴിലാളി സമരത്തിന്റെ മഹത്വം ഇടിച്ച് താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്തരം ഇടപെടലുകളെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാര്‍ ജനതയുടെ ജീവിതകഥ പറയുന്ന ‘ഇളന്ത നിലം’ എന്ന ഡോക്യുമെന്ററി താന്‍ രണ്ട് വര്‍ഷം മുമ്പെ ഇറക്കിയിരുന്നെന്നും അതിന് വന്‍ സ്വീകാര്യതയായിരുന്നെന്നും അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ മൂന്നാറിലെ തൊഴിലാളികളെ പ്രാപ്തരാക്കിയത് താനും കൂടിയാണെന്നും അന്‍വര്‍ ബാലശിങ്കം അവകാശപ്പെട്ടിരുന്നു. വരുന്ന തദ്ദശേ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ തോട്ടം മേഖലയിലെ തമിഴ് സ്ത്രീകളെ മത്സരരംഗത്ത് ഇറക്കാനും ബാലശിങ്കത്തിന് പദ്ധതിയുണ്ടായിരുന്നു. ഇതിനായി അടുത്തയാഴ്ച കോട്ടയത്തത്തെി കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഹാരിസണ്‍ സമരത്തിനു പിന്നിലും തന്റെ സംഘടനയാണെന്നും ദേവികുളം, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ തോട്ടം തൊഴിലാളികള്‍ സമരത്തിനിറങ്ങുമെന്നും അന്‍വര്‍ ബാലശിങ്കം പറഞ്ഞിരുന്നു. എന്നാല്‍ തൊഴിലാളികള്‍ തള്ളിപറഞ്ഞത് കേരളത്തില്‍ രാഷ്ട്രീയമായി വേരുറപ്പിക്കാനുള്ള അന്‍വര്‍ ബലാശിങ്കത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
Discussion about this post