ഡൽഹി: പതിനാലായിരം കോടിയുടെ പി എൻ ബി വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായി ഇന്ത്യയിൽ നിന്നും മുങ്ങി ആന്റിഗ്വയിൽ കഴിഞ്ഞിരുന്ന മെഹുൽ ചോക്സി അവിടെ നിന്നും കടന്നതായി സൂചന. ഇന്ത്യയുടെ സമ്മർദ്ദത്തിന് ആന്റിഗ്വ വഴങ്ങിയേക്കുമെന്ന സൂചനയെ തുടർന്നാണ് ഇയാൾ കടന്നു കളഞ്ഞത് എന്നാണ് വിവരം. ഇയാൾക്ക് ക്യൂബ അഭയം നൽകിയതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളുണ്ട്.
കുറ്റവാളികളെ കൈമാറുന്ന കാര്യത്തിൽ ക്യൂബയുമായി ഇന്ത്യക്ക് ധാരണകളില്ല. അതിനാലാവാം ചോക്സി അവിടേക്ക് കടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചോക്സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
പിടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ചോക്സി, കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ പോയ അന്റിഗ്വയിലെ റെസ്റ്റോറന്റിൽ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു. റെസ്റ്റോറന്റിന് തൊട്ട് പുറത്ത് ഇയാളെ പിടികൂടാൻ പൊലീസ് സംഘം വലയം തീർത്തിരുന്നു. ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ ഇക്കാര്യങ്ങളിൽ ചിലത് സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വിവാദ വ്യവസായി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്.










