ഡല്‍ഹി: ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതും മിക്കവര്‍ക്കും വലിയ ദുരിതവും കഷ്ടപ്പാടും സമ്മാനിച്ച നൂറ്റാണ്ടിലെ ദുരന്തമാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിമുതല്‍ കൊവിഡിന് മുമ്പുളള ലോകമായിരിക്കില്ലെന്നും ഭാവിയില്‍ കൊവിഡിന് മുമ്പെന്നും കൊവിഡിന് ശേഷമെന്നും ലോകത്തെ ഓരോ കാര്യങ്ങളും അടയാളപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിന് കൊവിഡിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുണ്ട്. ആ വാക്സിന് കണ്ടെത്താന്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെക്കുറിച്ച് വലിയ അഭിമാനമാണെന്നും ബുദ്ധപൂര്‍ണിമയോടനുബന്ധിച്ച് നടന്ന വെര്‍ച്വല്‍ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
രോഗനിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും താന്‍ സല്യൂട്ട് ചെയ്യുന്നെന്ന് അറിയിച്ച പ്രധാനമന്ത്രി കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായ ഓരോ വ്യക്തികളും സ്ഥാപനങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നതായി അഭിപ്രായപ്പെട്ടു.
കൊവിഡ് മൂലം ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നതായി പറഞ്ഞ പ്രധാനമന്ത്രി യോഗത്തില്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ചും ഭീകരവാദത്തിനെതിരെ നിലകൊള്ളേണ്ടതിനെ കുറിച്ചും ഓര്‍മ്മിപ്പിച്ചു.
കാടുകളും പുഴകളുമെല്ലാം കാലാവസ്ഥാ വ്യതിയാനം മൂലം നശിക്കുകയാണ്. പ്രകൃതിയെ മാതാവായി കണ്ട് ആദരവോടെ ജീവിക്കുന്ന ദര്‍ശനമായിരുന്നു ബുദ്ധന്റേതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ബുദ്ധിസ്റ്റ് കോണ്‍ഫഡറേഷനും സാംസ്കാരിക മന്ത്രാലയവും സംഘടിപ്പിച്ച ചടങ്ങില്‍ നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും വെര്‍ച്വലായി പങ്കെടുത്തു.
Discussion about this post