തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാൻ 98 ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കുന്നതിനായി തുക ചെലവഴിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഡ്രൈവർമാരുടെയും ഗണ്മാന്മാരുടെയും സുരക്ഷാ ജീവനക്കാരുടെയും സഹായികളുടെയും മുറികൾ ഉൾപ്പെടെ നവീകരിക്കാനാണ് പദ്ധതി. ഊരാളുങ്കൽ സൊസൈറ്റി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.
പണികൾക്കായി ടെൻഡർ ക്ഷണിക്കാത്ത നടപടി വിവാദമാകുകയാണ്. ഇത്തരം പദ്ധതികൾക്കായി ടെൻഡർ ക്ഷണിച്ച ശേഷമാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകുന്നത്. എന്നാൽ ഇവിടെ അത് പാലിച്ചില്ല എന്നതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്.
മന്ത്രിമാരുടെ വസതികൾ മോടി പിടിപ്പിക്കാനായി കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും വൻ തുകകൾ ചിലവഴിച്ചിരുന്നു. അന്ന് 82.35 ലക്ഷം രൂപയാണ് ചിലവഴിച്ചത്. അതിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് മുൻ മന്ത്രി ഇ പി ജയരാജന്റെ വീട് മോടിപിടിപ്പിക്കാനായിരുന്നു. മുഖ്യമന്ത്രിയുടെ വീട് മോടി പിടിപ്പിക്കാൻ അന്നും 9,56,871 രൂപ ചിലവഴിച്ചിരുന്നു.
അതേസമയം സംസ്ഥാനത്തിന് സൗജന്യമായി വാക്സിൻ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കേരള സർക്കാർ സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
Discussion about this post