ഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സുപ്രധാന നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ( ഡി സി ജി ഐ). അംഗീകൃത വിദേശ വാക്‌സിനുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഇളവ് അനുവദിച്ചാണ് ഡി സി ജി ഐ ഉത്തരവിറക്കിയിരിക്കുന്നത്. തദ്ദേശീയമായ വാക്‌സിന്‍ പരീക്ഷണവും വാക്‌സിന്‍റെ ഓരോ ബാച്ചിനും സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറി നല്‍കേണ്ട അനുമതിയും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഒഴിവാക്കി.
രാജ്യത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചതെന്നാണ് വിശദീകരണം. രാജ്യം കൊവിഡ് അതിതീവ്ര വ്യാപനമാണ് നേരിടുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം വാക്‌സിനേഷന്‍ വേഗത്തിലാക്കുക എന്നതാണ്.
നിലവിലെ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിക്കുകയില്ല. ഇതുമറികടക്കാന്‍ വിദേശത്തെ അംഗീകൃത വാക്‌സിനുകള്‍ കൂടി രാജ്യത്ത് ലഭ്യമാക്കണമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത്.
നിലവില്‍ വിദേശ വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. കൂടാതെ വാക്‌സിന്‍റെ ഓരോ ബാച്ചിനും സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ അനുമതിയും ആവശ്യമാണ്. ഇതാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഒഴിവാക്കിയത്.
അമേരിക്കയിലെ എഫ് ഡി ഐ, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു കെ എം എച്ച് ആര്‍ എ, പി എം ഡി എ ജപ്പാന്‍, ലോകോരോഗ്യസംഘടനയുടെ അടിയന്തര ഉപയോഗ പട്ടിക എന്നിങ്ങനെ വിവിധ തലത്തില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇളവ് അനുവദിച്ചത്. ഇതോടെ മൊഡേണ, ഫൈസര്‍ പോലുള്ള വിദേശ വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് വിവരം.
Discussion about this post