ഭോപ്പാൽ : മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ ‘നിയമവിരുദ്ധം’ എന്ന് പരാമർശിച്ച്, സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍
ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെ 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു. കോടതിയുടെ പരാമര്‍ശങ്ങളെ വെല്ലുവിളിച്ചാണ് നടപടി.
മധ്യപ്രദേശ് സര്‍ക്കാറിന്‍റെ ആറ് മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ എല്ലാം തങ്ങളുടെ പദവി രാജിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അടക്കം ബാധിക്കുന്നതാണ് പുതിയ സംഭവം.
തിങ്കളാഴ്ചയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരുമെന്നാണ് മധ്യപ്രദേശ് ജൂനിയര്‍ ഡോക്ടര്‍ അസോസിയേഷന്‍ (എംപിജെഡിഎ) പ്രസിഡന്‍റ് അരവിന്ദ് മീന പറയുന്നത്.
തങ്ങളുടെ സ്റ്റൈപ്പന്‍റ് വര്‍ദ്ധിപ്പിക്കണം, തങ്ങള്‍ക്കും കുടുംബാഗംങ്ങള്‍ക്കും കൊവിഡ് ചികില്‍സ സൗജന്യമാക്കണം എന്നീ ആവശ്യങ്ങളാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. തങ്ങളുടെ പിജി എന്‍റോള്‍മെന്‍റ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും, അതിനാല്‍ പിജി പരീക്ഷ എഴുതാന്‍ സാധിക്കുന്നില്ലെന്നും ഈ ഡോക്ടര്‍മാര്‍ പരാതി ഉയര്‍ത്തുന്നുണ്ട്. ഹൈക്കോടതി സമരത്തിനെതിരെ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും എന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്.
അതേ സമയം തങ്ങളുടെ സമരത്തിന് മറ്റ് ഡോക്ടര്‍മാരുടെ സംഘടനകളുടെ പിന്തുണയുണ്ടെന്നും. ആവശ്യമെങ്കില്‍ അവരും സമരത്തിനിറങ്ങുമെന്നാണ് മധ്യപ്രദേശ് ജൂനിയര്‍ ഡോക്ടര്‍ അസോസിയേഷന്‍ (എംപിജെഡിഎ) പ്രസിഡന്‍റ് അരവിന്ദ് മീന പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ജൂനിയര്‍ ഡോക്ടര്‍മാരും തങ്ങള്‍ക്ക് പിന്തുണയുമായി ഉണ്ടെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നു.
മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഹര്‍ജി നല്‍കിയത് ജബല്‍പ്പൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ശൈലേന്തര്‍ സിംഗാണ്. ഇതിലാണ് ഡോക്ടര്‍മാരോട് ജോലിക്ക് ഹാജറാകുവാന്‍ കോടതി നിര്‍ദേശിച്ചത്.
Discussion about this post