ഐടി നഗരത്തിലെ ജീവിതച്ചെലവുകളെക്കുറിച്ചും സമ്പാദ്യശീലങ്ങളെക്കുറിച്ചും എപ്പോഴും വലിയ ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ബെംഗളൂരുവിലെ ഒരു യുവ ഡാറ്റാ എഞ്ചിനീയറുടെ ശമ്പളവും അതിന്റെ കൃത്യമായ കണക്കുകളുമാണ്. മാസം മൂന്ന് ലക്ഷം രൂപ കൈപ്പറ്റുന്ന ഈ യുവതി തന്റെ സമ്പാദ്യവും ചെലവുകളും സുതാര്യമായി വെളിപ്പെടുത്തിയതോടെ ഐടി ലോകം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ @thinking.mori എന്ന ഹാൻഡിലിലൂടെയാണ് യുവതി ഈ വിവരങ്ങൾ പങ്കുവെച്ചത്.
മാസം മൂന്ന് ലക്ഷം രൂപ ശമ്പളം ലഭിക്കുന്നതിൽ രണ്ട് ലക്ഷത്തിലധികം രൂപ താൻ ചെലവാക്കുന്നുണ്ടെന്ന് യുവതി പറയുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയം മാതാപിതാക്കൾക്കായി വാങ്ങിയ ഫ്ലാറ്റിന്റെ ലോൺ തിരിച്ചടവാണ്. പ്രതിമാസം 30,000 രൂപയാണ് ഇതിനായി മാറ്റിവെക്കുന്നത്. പലരും വീടിനെ ഒരു ബാധ്യതയായി കാണുമ്പോൾ, തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളോടുള്ള നന്ദിസൂചകമായാണ് ഈ തീരുമാനമെന്ന് യുവതി വ്യക്തമാക്കുന്നു. “മാതാപിതാക്കൾ എനിക്ക് വേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്, അവർക്ക് വേണ്ടി ഇത് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു,” യുവതി വീഡിയോയിൽ പറയുന്നു.
ചെലവുകൾ ഇങ്ങനെ: പ്രതിമാസം 20,000 രൂപയാണ് ബെംഗളൂരുവിലെ വാടക. ഇതിൽ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് എന്നിവയും ഉൾപ്പെടും. വീട്ടുജോലിക്കാർക്കായി 5,000 രൂപയും നീക്കിവെക്കുന്നു. വ്യക്തിഗത സൗകര്യങ്ങൾക്കും ഫിറ്റ്നസിനും യുവതി പ്രാധാന്യം നൽകുന്നുണ്ട്. പേഴ്സണൽ ട്രെയിനറോടു കൂടിയ ജിം അംഗത്വത്തിന് 12,000 രൂപയും സബ്സ്ക്രിപ്ഷനുകൾക്കായി (നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി) 300 രൂപയും ചെലവാക്കുന്നു. യാത്രാച്ചെലവ് വളരെ കുറവാണ്. ഓഫീസിലേക്ക് ക്യാബുകളെ ആശ്രയിക്കുന്നതിനാൽ സ്വന്തം സ്കൂട്ടറിന് ഇന്ധനമായി മാസം 500 രൂപ മാത്രമാണ് ചെലവ്.
നിക്ഷേപത്തിലെ ‘മിടുക്കി’: സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിലും ഈ യുവതി മാതൃകയാണ്. ഒരു ലക്ഷം രൂപയാണ് പ്രതിമാസം കൃത്യമായി SIP വഴി നിക്ഷേപിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ ‘എമർജൻസി ഫണ്ട്’ ഇതിനകം തന്നെ കരുതിയിട്ടുണ്ട്. സ്വർണ്ണ വിപണി അനുകൂലമാകുമ്പോൾ സ്വർണ്ണം വാങ്ങുന്നതിനും ഇവർ മുൻഗണന നൽകുന്നു. ആഘോഷങ്ങൾക്കും യാത്രകൾക്കുമായി വലിയ തുക തന്നെ മാറ്റി വെക്കാറുണ്ട്. 2025-ൽ മാത്രം യാത്രകൾക്കായി 7 ലക്ഷം രൂപയാണ് ചെലവാക്കിയത്. ഭാവിയിൽ തന്റെ വിവാഹത്തിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഈ യുവതി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.








