കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടിമിന്നൽ ദുരന്തത്തിൽ 26 പേർ മരിച്ചു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 പേർക്ക് ജീവഹാനി സംഭവിച്ചത്. 11 പേർ ഹൂഗ്ലിയിലും 9 പേർ മുർഷിദാബാദിലും 2 പേർ ബാങ്കുറയിലും 4 പേർ മിഡ്നാപുരിലുമാണ് മരിച്ചത്.
ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് അടിയന്തര ധനസഹായമായി 2 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്. ദുരന്തത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവരുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.








