വള്ളിക്കുന്ന്: വൈദ്യുതി കണക്ഷന് ഇല്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്ന പഠനം വഴിമുട്ടി സഹോരങ്ങള്‍. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പരുത്തിക്കാട് കൈപ്പുറം കോളനിയിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സായൂജ്, ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സജിന്‍ എന്നിവരുടെ പഠനമാണ് ഓണ്‍ലൈന്‍ ക്ലാസായതോടെ വഴിമുട്ടിയത്.
കൈപ്പുറം വീട്ടില്‍ കുട്ടന്-ഷമ്മി ദമ്പതികളുടെ മക്കളാണ്. കൂലിപ്പണിക്കാരനായ പിതാവ് അസുഖം കാരണം ജോലിക്ക് പോവാന്‍ കഴിയാതെ ഒന്നരവര്‍ഷം വീട്ടില്‍ തന്നെ ആയിരുന്നു. ലോക്ഡൗണും ഇവരുടെ ജീവിതം മാറ്റിമറിച്ചു.ഏഴു വര്‍ഷമായി ഷീറ്റ് മേഞ്ഞ ഷെഡില്‍ ആണ് താമസം. പഞ്ചായത്തില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചുള്ള വീട് നിര്‍മാണം പാതിവഴിയിലാണ്. ഇതിന് മുന്നിലുള്ള ചെറിയ ഷെഡിലാണ് താമസം.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. ഓണ്‍ലൈനിലേക്ക് മാറിയതോടെ പ്രതീക്ഷകളും കൈവിട്ടു. അടുത്തിടെ വീണ്ടും ജോലിക്ക് പോവാന്‍ തുടങ്ങിയതോടെ പിതാവ് മൂത്ത മകന് ഒരു മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ചു കൊടുത്തു.
എന്നാല്‍, വൈദ്യുതി ഇല്ലാത്തതിനാല്‍ പഠനം വീണ്ടും പ്രതിസന്ധിയിലായി. സായൂജ് അത്താണിക്കല്‍ സി.ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സജിന്‍ അത്താണിക്കല്‍ നേറ്റീവ് എ.യു.പി സ്കൂളിലുമാണ് പഠിക്കുന്നത്.
Discussion about this post