കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് കിരണിന്റെ നിർണ്ണായക മൊഴി പുറത്ത്. വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. എന്നാൽ മരിക്കുന്നതിന്റെ തലേന്ന് മര്‍ദിച്ചിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു.നേരം പുലരട്ടെയെന്ന് താന്‍ പറഞ്ഞു. തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിനു ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കിരൺ നൽകിയിരിക്കുന്ന മൊഴി.
വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി പ്രശ്‌നമുണ്ടായിരുന്നുവെന്നും, ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായതായും കിരണ്‍ പൊലീസിനോട് സമ്മതിച്ചു.ഇയാള്‍ക്കെതിരെ സ്ത്രീപീഡന കുറ്റം ചുമത്തും.
അതേസമയം ഇന്ന് വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. ഇതിനുശേഷമായിരിക്കും കിരണിനെതിരെ മറ്റ് വകുപ്പുകള്‍ ചുമത്തുക. മകളെ ഭര്‍ത്താവിന്റെ അമ്മയും ഉപദ്രവിച്ചിട്ടുണ്ടെന്ന് വിസ്മയയുടെ അമ്മ ആരോപിച്ചു. ഇതോടെ ഇവരും കേസിൽ പ്രതികളായേക്കും.
Discussion about this post