അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് ശശി തരൂർ ഉയർത്തിയത്. മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിലാണ് തരൂർ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകൾ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്.
ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാദ്ധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു.
അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠം നമ്മൾ ഉൾക്കൊള്ളണമെന്നും തരൂർ ഓർമ്മപ്പെടുത്തുന്നു. 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു’ തരൂർ ലേഖനത്തിൽ കുറിച്ചു.
ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
Discussion about this post