ബംഗലൂരു: സ്വകാര്യ സ്ഥാപനത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡക്ക് 2 കോടി രൂപ പിഴ ശിക്ഷ വിധിച്ച് ബംഗലൂരു കോടതി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ പരാതിയിലാണ് വിധി. 2011ൽ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവഗൗഡ് വിവാദ പരാമർശം നടത്തിയത്.
കമ്പനി ഏറ്റെടുത്ത പദ്ധതി ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകരിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. കർണ്ണാടകയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതായിരുന്നു പദ്ധതി. സമാനമായ പ്രസ്താവനകൾ പ്രോത്സാഹിപ്പിക്കപ്പെട്ടാൽ ഇത്തരം ബൃഹത് പദ്ധതികളിൽ നിന്ന് വൻകിട കമ്പനികൾ പിന്മാറും. അത് സംസ്ഥാനത്തിന്റെ വികസനത്തിന് ഗുണകരമാവില്ലെന്നും കോടതി വ്യക്തമാക്കി.
ദേവഗൗഡയുടെ പ്രസ്താവന കമ്പനിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി, നഷ്ടപരിഹാരമെന്ന നിലയിൽ രണ്ട് കോടി രൂപ പിഴയടയ്ക്കാൻ ദേവഗൗഡയോട് ആവശ്യപ്പെടുകയായിരുന്നു.
Discussion about this post