ഇടുക്കി: കേരളത്തിലെ ഡാമുകൾക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുമായി ബന്ധപ്പെട്ട ഡാമുകൾക്കാണ് ഭീഷണി. ഈ സാഹചര്യത്തിൽ ഡാമുകളുടെ സുരക്ഷ ശക്തമാക്കാൻ തീരുമാനമായി.
രഹസ്യാന്വേഷണ വിഭാഗം നൽകിയ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങൾ വിശകലനം ചെയ്യാൻ അധികൃതർ തീരുമാനിച്ചു. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചതായാണ് വിവരം. ഡാമുകളിലെ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ തലസ്ഥാനത്തും ഇടുക്കിയിലുമായി 24 മണിക്കൂറും രേഖപ്പെടുത്താനും തീരുമാനമായി.
പത്തനാപുരത്ത് നിന്നും ബോംബുകൾ കണ്ടെടുത്തതും തീവ്രവാദ പരിശീലന ക്യാമ്പ് നടന്നതിന്റെ തെളിവുകൾ ലഭിച്ചതും അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെയാണ് ഡാമുകൾക്കും തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് വന്നിരിക്കുന്നത്.












