ഹൈദരാബാദ്: ദളിതർ കൂട്ടത്തോടെ മതപരിവർത്തനം ചെയ്യപ്പെടുന്നതിൽ ആശങ്കയറിയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ദളിതർ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
‘ദളിതർ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് നമ്മുടെ പോരായ്മയാണ്. നാം അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഹിന്ദു മതത്തിനുള്ളിൽ അവർക്ക് ആദരവ് നൽകേണ്ടതാണ്. ഇക്കാര്യത്തിൽ ഒരു ഹിന്ദു എന്ന നിലയിൽ എനിക്ക് ദു:ഖമുണ്ട്‘. ഇതായിരുന്നു ചന്ദ്രശേഖര റാവുവിന്റെ വാക്കുകൾ.
തെലങ്കാനയിലെ കാമറെഡ്ഡിയിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ചന്ദ്രശേഖര റാവു ഇക്കാര്യങ്ങൾ പറഞ്ഞത്. താൻ ചിന്തയിലും കർമ്മത്തിലും ഒരു ഹിന്ദുവാണെന്ന് 2019ൽ അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ തെലങ്കാനയിലെ യദാദ്രി ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. നേരത്തെ, ചന്ദ്രശേഖര റാവുവിന്റെ അടുത്ത അനുയായിയും ടി ആർ എസ് സ്ഥാപക അംഗവുമായിരുന്ന രാജേന്ദർ ബിജെപിയിൽ ചേർന്നിരുന്നു.







