പെരിങ്ങോം: പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയില്‍ യുഡിഎഫ് നേതാവിന്റെ വീട്ടുമുറ്റത്ത് നൂലില്‍ പൊതിഞ്ഞനിലയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് കണ്ടെത്തി. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ ചെള്ളച്ചാലില് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി ടി ഉഷയുടെ വീട്ടുമുറ്റത്താണ് ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്ന് ചെറുപുഴ ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് നൂലില്‍ പൊതിഞ്ഞ നിലയില്‍ ഉഗ്രസ്ഫോടനത്തിനു സാധ്യതയുള്ള ബോംബ് കണ്ടെത്തിയത്. പൊലീസില്‍ വിവരം അറിയച്ചതിനെത്തുടര്ന്നു പെരിങ്ങോം എസ് ഐ സിദ്ദിഖ്, സ്പെഷല്‍ ബ്രാഞ്ച് എസ്ഐ പ്രകാശന് എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നുമെത്തിയ ബോംബ്, ഡോഗ് സ്ക്വാഡുകള്‍ ബോംബ് നിര്‍വീര്യമാക്കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡില്‍ മത്സരിച്ച ഉഷയെയും മകനെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുണ്ട്. കുടുംബത്തിനു വധഭീഷണിയുള്ളതായി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ബോംബ് ഭീഷണിയുടെ സാഹചര്യത്തില്‍ പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കോണ്‍ഗ്രസ് നേതാക്കളായ മഹേഷ് കുന്നുമ്മല്‍, എന്‍ അസൈനാര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഉഷയ്ക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Discussion about this post