ഡൽഹി: ശാസ്ത്രത്തെ വിശ്വസിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിംവദന്തികൾ ഒഴിവാക്കി വാക്സിൻ സ്വീകരിക്കാൻ അദ്ദേഹം പറഞ്ഞു. നിരവധി ആളുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതായും അതിനാൽ തന്നെ വാക്സിനേഷനിലും കൊവിഡ് പ്രോട്ടോക്കോളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം എട്ട് ദശലക്ഷം പേർക്ക് വാക്സിൻ നൽകിയ നടപടിയെ നിർണ്ണായക നാഴികക്കല്ല് എന്നാണ് പ്രധാനമന്തി വിശേഷിപ്പിച്ചത്.
അന്തരിച്ച ഒളിമ്പ്യൻ മിൽഖാ സിംഗിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് അദ്ദേഹം മൻ കി ബാത്ത് ആരംഭിച്ചത്. ഒളിമ്പിക്സിനെ കുറിച്ച് പറയുമ്പോൾ മിൽഖാ സിംഗിനെ എങ്ങനെ വിസ്മരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു.







