തിരുവനന്തപുരം : സ്വപ്രയത്നത്താല്‍ ജീവിതം തിരികെപ്പിടിച്ച് എസ്.ഐ കുപ്പായത്തിലെത്തിയ ആനി ശിവയ്ക്ക് അഭിനന്ദനവുമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ‘നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ’ മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
ഭര്‍ത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന് ശിവഗിരി തീര്‍ഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടി ആനി ശിവ ഇന്ന് വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എസ്.ഐയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയി എത്തുമ്പോൾ അത് തളരാത്ത പോരാട്ടത്തിന്റെ ചിത്രം കൂടിയാവുകയാണ്.
കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്നത്. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോള്‍ ഈ കൂട്ട് നഷ്ടമായി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ഉണ്ടായതിനെ തുടര്‍ന്ന് അമ്മൂമ്മയുടെ വീട്ടിലെ ഒരു ചായ്പ്പിലായി താമസം.
ഈ കാലത്ത് പല ജോലികളും നോക്കിയിരുന്നു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വില്‍ക്കല്‍, ഇന്‍ഷുറന്‍സ് ഏജന്‍റ്. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി കൊടുക്കല്‍, ഉത്സവ വേദികളില്‍ ചെറിയ കച്ചവടം എന്നിങ്ങനെ പല ജോലികളും ചെയ്തു. ഇതിനിടയില്‍ കോളജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകള്‍ക്കിടയിലും പഠിച്ച് സോഷ്യോളജിയില്‍ ബിരുദം നേടി. പിന്നീടാണ് ഒരു സര്‍ക്കാര്‍ ജോലി വേണം എന്ന സ്വപ്നം മനസ്സില്‍ കടന്ന് കൂടിയത്. അവിടെ നിന്നാണ് ഇന്ന് എസ്.ഐ കുപ്പായത്തില്‍ ആനി ശിവ എത്തിനില്‍ക്കുന്നത്.
Discussion about this post