ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രാജ്യത്ത് ഏറ്റവും വലിയ ഒരു ഭൂമി കരാർ നടന്നു. മുംബൈയിലെ മലബാർ ഹിൽസിലെ മധുകുഞ്ജിലിലെ പുരാതനമായ രണ്ടുനില ബെംഗ്ലാവ് ഒരാൾ വിലയ്ക്ക് വാങ്ങി, 1.5 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിൽ 60,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കെട്ടിടം. രാജ്യത്തെ ഏറ്റവുംവലിയ തുകയുടെ ഭൂമിയിടപാടായിരുന്നു ആ ബംഗ്ലാവിനായി നടന്നത്. 1001 കോടി, സ്റ്റാമ്പ് ഡ്യൂട്ടിയനത്തിൽ മാത്രം 30 കോടി രൂപയാണ് ചിലവിട്ടത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന, അതിസമ്പന്നരുടേയും പ്രമുഖരുടെയും വാസസ്ഥലമായ മലബാർ ഹിൽസിലെ ആ പുരാതന ബംഗ്ലാവ് സ്വന്തമാക്കിയത് അധികം ആരുമറിയാതിരുന്ന ഒരു കോടീശ്വരനായിരുന്നു, രാധകിഷൻ ഡമാനി . എന്നാൽ അദ്ദേഹത്തിന്റെ വ്യവസായ സംരംഭത്തെ എല്ലാവരും അറിയും, ഡി മാർട്ട് . രാജ്യത്തുടനീളം ഇരുനൂറോളം സ്‌റ്റോറുകളാണ് ഡി മാർട്ടിനുള്ളത്. മുപ്പത്തി അയ്യായിരം തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്.
ഫോബ്സ് റിയൽ ടൈം ബില്യനയർ ഇൻഡക്സ് കാണിക്കുന്നത്, സമ്പത്തിന്റെ കാര്യത്തിൽ ഡമാനി എച്ച്സിഎൽ സ്ഥാപകൻ ശിവ നാടാർക്കും ഗൗതം അദാനിക്കും ആനന്ദ മഹീന്ദ്രക്കും ഉയരെ ആണെന്നാണ്. എന്നാൽ ഇന്ത്യയിൽ പലരും രാധാകിഷൻ ഡമാനി എന്ന പേര് കേൾക്കുന്നത് 1001 കോടിയുടെ ആ ഭൂമിയിടപാടിലൂടെയാണ് . അതിനു കാരണവും ഡമാനി തന്നെ. പ്രശസ്തിയുടെ വെളിച്ചത്തിൽനിന്ന് എപ്പോഴും വഴിമാറി നടക്കാൻ ആഗ്രഹിക്കുന്ന ആളാണ് 67 കാരനായ ഡമാനി. ആർഭാടങ്ങളിൽ നിന്നും, ആഘോഷങ്ങളിൽ നിന്നും എപ്പോഴും അകലം പാലിച്ചു.
കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കുള്ള വളർച്ചയിൽ അദ്ദേഹത്തിനു മൂലധനമായി മാറിയത് സ്വന്തം ചോരയും വിയർപ്പുമായിരുന്നു. റീട്ടെയിൽ ബിസിനസിന്റെ രാജാവായി കണക്കാക്കുന്നു രാധാകൃഷ്ണൻ ഡമാനിയുടെ ജനനം 1956ൽ മുംബൈയിലാണ്. മുംബൈ സബർബനിലെ ഒരു മുറി അപ്പാർട്ട്മെന്റിലായിരുന്നു ബാല്യം. കോളജിൽ കൊമേഴ്സ് പഠനത്തിന് ചേർന്നെങ്കിലും ആദ്യ വർഷം തന്നെ പഠിത്തം അവസാനിപ്പിച്ചു. പിന്നെ ബാൾ ബെയറിങ്ങിന്റെ ചെറിയൊരു കച്ചവടം തുടങ്ങി. പെട്ടെന്നുതന്നെ അതു തന്റെ വഴിയല്ലന്നു തിരിച്ചറിഞ്ഞ ഡമാനി, ബെയറിങ് കച്ചവടം അവസാനിപ്പിച്ച്‍ ഓഹരി വിപണിയിലേക്ക് തിരിഞ്ഞു .മറ്റുള്ളവർക്കു വേണ്ടി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്‌തുകൊണ്ടായിരുന്നു ഓഹരി വിപണിയിലെ ഡമാനിയുടെ തുടക്കം.
1980കളിൽ ഓഹരി വിപണിയിലെത്തിയ ഡമാനി ക്രമേണ ഓഹരികളിൽ നിക്ഷേപിക്കാൻ തുടങ്ങി. ബഹുരാഷ്ട്ര കമ്പനികളുടെ ഓഹരിയിലും നല്ലനിലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ, എന്നാൽ വലിയ വിലയില്ലാത്ത ഓഹരികളിലുമായിരുന്നു ഡമാനിയുടെ കണ്ണ്. 1989ൽ ഓഹരി നിക്ഷേപങ്ങൾക്കായി ‘ബ്രൈറ്റ് സ്റ്റാർ’ എന്നൊരു സംരംഭം തുടങ്ങി. 1992ൽ ഡമാനി സെബിയുടെ അംഗീകാരമുള്ള ഓഹരി ദല്ലാളായി. ഓഹരി നിക്ഷേപത്തിൽ ഡമാനി ഒരു മാന്ത്രികനാണ്. സെഞ്ച്വറി ടെക്സ്റ്റൈൽസ്, ഇന്ത്യൻ സിമൻറ്, വിഎസ്ടി ഇൻഡസ്ട്രീസ്, ടിവി ടുഡേ നെറ്റ്‌വർക്ക്, ബ്ലൂ ഡാർട്ട്, സുന്ദരം ഫിനാൻസ്, 3 എം ഇന്ത്യ, ജൂബിലന്റ് ഫുഡ് വർക്സ് തുടങ്ങിയവയ്ക്കായി ഡമാനി ബിസിനസുകൾ ചെയ്തു .
വിപണി കയറുമ്പോഴും, ഇറങ്ങുമ്പോഴും ഡമാനി പണം കൊയ്യും. അതുകൊണ്ടുതന്നെ, ഓഹരി വിപണി കയ്യിലിട്ട് അമ്മാനമാടുന്ന രാകേഷ് ജുൻജുൻവാല പോലും ഡമാനിയെ തന്റെ ഗുരുവായാണ് കാണുന്നത്
2000ൽ അദ്ദേഹം ഡി മാർട്ടിന്റെ മാതൃകമ്പനിയായ അവന്യു സൂപ്പർമാർട്സ് ആരംഭിച്ചു. 2002ലാണ് ഡി മാർട്ട് സ്റ്റോറുകൾ ആരംഭിച്ചത്. ആദ്യത്തെ ഒമ്പത് വർഷത്തിൽ ഒമ്പത് സ്റ്റോറുകൾ മാത്രമാണ് ആരംഭിച്ചത്. എന്നാൽ 2016ൽ മാത്രം 21 സ്റ്റോറുകൾ തുടങ്ങി. 2017ലാണ് അവന്യൂ സൂപ്പർ മാർക്കറ്റ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. 15 വർഷംകൊണ്ട് ഡമാനി ഡിമാർട്ട് നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ വസ്തുക്കളും, പലവ്യഞ്ജനങ്ങളും വിൽക്കുന്ന ചില്ലറ വിൽപന ശൃംഖലയാക്കി മാറ്റി. 2017ൽ അവന്യു സൂപ്പർമാർട്സ് (ഡി മാർട്ട്) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്‌തു. ഇന്ന് ഈ കമ്പനി രാജ്യത്തെ 18-ാമത്തെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ്. ബജാജ് ഫിൻസെർവിനേക്കാളും നെസ്‌ലെയെക്കാളും കൂടുതലാണ് ഇതിന്റെ വിപണി മൂലധനം.
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഛത്തിസ്ഗഢ് , രാജസ്ഥാൻ തുടങ്ങി 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ഡമനിലും വ്യാപിച്ചു കിടക്കുന്നു ഡമാനിയുടെ ഡി മാർട്ട് എന്ന വ്യവസായ സാമ്രാജ്യം. ഡി മാർട്ട് പ്രീമിയ, ഡി മാർട്ട്, ഡച്ച് ഹാർബർ, ഡി മാർട്ട് മിനിമാക്സ്, ഡി ഹോംസ് തുടങ്ങിയ ബ്രാൻഡുകൾ ഡമാനിയ്ക്ക് അവകാശപ്പെട്ടതാണ്
എന്നാൽ എല്ലാത്തിലും കണക്കോടെ നീങ്ങുന്ന ഡമാനി 724 കോടി വിപണി വിലയുള്ള ആസ്തി എന്തിന് 1001 കോടിക്ക് വാങ്ങി എന്നു ന്യായമായ സംശയം ആർക്കും ഉണ്ടാകാം. എന്നാൽ അതിനു പിന്നിൽ വ്യക്തമായ ഒരു കച്ചവട കണ്ണുണ്ട്.
ബുള്ളിയൻ രാജാവെന്ന് അറിയപ്പെട്ടിരുന്ന വമ്പൻ വ്യവസായി ആയിരുന്നു ജൈന വംശജനായ പ്രേംചന്ദ് റോയ്‌ചന്ദ്. അദ്ദേഹത്തിന്റെ മകൻ മനക്ക്‌ലാൽ പ്രേംചന്ദ് 90 വർഷങ്ങൾക്കു മുൻപ് ആധുനിക സംവിധാനങ്ങളും ആഡംബരങ്ങളും കോർത്തിണക്കുന്ന ആർട് ഡെക്കോ വാസ്തുശിൽപ മാതൃകയിൽ പണിത മാളികയാണ് ‘മധുകുഞ്ച്’
മുംബൈയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ കണക്കുകൂട്ടൽ അനുസരിച് മധുകുഞ്ച് നിൽക്കുന്ന പ്രദേശത്തെ ഭൂമിയുടെ വില 4–5 വർഷത്തിനുള്ളിൽ ഇരട്ടിയാകും. അല്ലെങ്കിൽ മധുകുഞ്ച് ഇടിച്ചുകളഞ്ഞു അവിടെ വ്യാപാര സമുച്ചയം പണിയും. ഇതിനു മുൻപ്, മലബാർ ഹില്ലിൽ ബംഗ്ലാവുകൾ വാങ്ങിയവരിൽ പലരും അങ്ങനെ ചെയ്തിട്ടുണ്ട്.
ഏതായാലും, ഈ കച്ചവടത്തിൽനിന്ന് ഡമാനി കോടികൾ കൊയ്യുമെന്നതു തീർച്ച. അതുകൊണ്ടാണ്, ചതുരശ്ര അടിക്ക് 75,000 – 80,000 കിട്ടുമായിരുന്ന ആസ്തി 1.6 ലക്ഷത്തിന് ഡമാനി സ്വന്തമാക്കിയത്. ഇപ്പോൾ ഡമാനിയും സഹോദരനും കുടുംബമായി താമസിക്കുന്നത് മുംബൈയിലെ ഇന്ത്യൻ ശത കോടീശ്വരന്മാരുടെ നിര എന്നറിയപ്പെടുന്ന ആൽത്തമൗണ്ട് റോഡിലെ പൃഥ്‌വി അപാർട്മെന്റിലാണ്.
കോവിഡിനെ നേരിടാനായി നൂറു കോടി രൂപയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്.
Discussion about this post