കോഴിക്കോട്: അച്ഛൻറെ വരുമാനം മാത്രം ആശ്രയിച്ച് ജീവിച്ച അമ്മ ആ വേദനയിൽ നിന്ന് ജീവിതത്തിൽ പകർന്നു തന്നത് വലിയൊരു പാഠമായിരുന്നു. ആ പാഠപുസ്തകം കൊണ്ടുനടന്ന് ജീവിതത്തെ മനോഹരമായി തുന്നിചേർക്കുകയാണ് കോഴിക്കോട് കല്ലായി സ്വദേശി ഹരീഷ് കുമാർ.
നിവേദിത എന്ന തൻറെ തയ്യൽ സ്ഥാപനത്തിലൂടെ ഹരീഷ് മാഷ് തയ്ച്ച് ചേർത്തത് അരലക്ഷത്തിലധികം പെൺജീവിതങ്ങളാണ്. സ്ത്രീകശാക്തീകരണമെന്ന വാക്ക് കേട്ടുതുടങ്ങുന്നതിനു മുൻപ് തന്നെ ഹരീഷ് മാഷ് ആ വാക്ക് പ്രായോഗികമാക്കി തുടങ്ങിയിരുന്നു .
വീട്ടിലിരുന്ന് കുടുംബകാര്യം നോക്കുന്ന ഓരോ സ്ത്രീകൾക്കും വരുമാനം വേണം എന്നതായിരുന്നു ആദ്യ ചിന്ത. അതിനായി നഗരഗ്രാമ വ്യത്യാസമില്ലാതെ ഹരീഷ് മാഷ് നിരന്തരം യാത്ര ചെയ്തു. ഓരോ പ്രദേശത്തും സ്ത്രീ കൂട്ടായ്മകളുണ്ടാക്കി. അവിടെയെല്ലാം സൌജന്യമായി തയ്യൽ പഠിപ്പിച്ചു. ഓരോ സ്ഥലത്തും പത്ത് ദിവസത്തെ തയ്യൽ ക്ലാസുകൾ സംഘടിപ്പിക്കും. പത്താമത്തെ ദിവസം സ്വന്തമായി തയ്ച്ച ഡ്രസും ധരിച്ചായിരിക്കണം ഓരോരുത്തരും ക്ലാസിൽ വരേണ്ടത്.
സ്കൂൾ പഠനകാലത്ത് ക്രാഫ്റ്റ് ക്ലാസിനോടുള്ള പ്രിയമാണ് ഹരീഷ് മാഷിനെ തയ്യൽ പഠനത്തിലേക്ക് ആകർഷിച്ചത്. സ്കൂൾ അദ്ധ്യാപിക പറഞ്ഞുകൊടുത്ത ആ ബാലപാഠങ്ങൾ അദ്ദേഹം ജീവതത്തിലേക്ക് പകർത്തി. അക്കാലത്ത് സഹോദരിമാർക്ക് ആയി വാങ്ങിയ തയ്യൽ മെഷീനിൽ കൂടുതൽ സമയം ചിലവഴിച്ചതും ഹരീഷ് മാഷ് തന്നെ. 10ാം ക്ലാസിന് ശേഷം ഉന്നതപഠനമെന്ന ലക്ഷ്യമായി ഓരോരുത്തരും പല വഴിയ്ക്ക് പോയപ്പോൾ, ആരും സ്വീകരിക്കാത്ത തയ്യലിന്റെ പാതയിലൂടെ നടക്കാൻ ആ 15 കാരൻ തീരുമാനിച്ചു.
തയ്യാൽ നന്നായി പഠിച്ചു. മദ്രാസിൽ പോയി ഫാഷൻ ഡിസൈനിംഗ് കോഴ്‌സിലൂടെ മാറിയ ലോകവും അതിൻറെ ഫാഷനും ഹരീഷ് മാഷ് പഠിച്ചെടുത്തു. തയ്യലിനോടുള്ള അടങ്ങാത്ത അദ്ദേഹത്തിന്റെ അഭിനിവേശം ചെന്ന് എത്തിയത് കോഴിക്കോട് എസ്എം സ്ട്രീറ്റിലെ ഒരു കടമുറിയ്ക്കുള്ളിലാണ്. സ്വന്തമായി ഒരു തയ്യൽ കടയെന്ന സ്വപ്‌നം ഇവിടെ സാക്ഷാത്കരിച്ചു. അങ്ങനെ പതിനായിരക്കണക്കിന് സ്ത്രീകൾക്ക് അഭയമായ നിവേദിത എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കമിട്ടു. .തൊഴിൽധാര എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹം സൗജന്യ തയ്യൽ ക്ലാസുകൾ സംഘടിപ്പിച്ചു.
പഠിച്ചിറങ്ങിയ പലരും സ്വന്തമായി തയ്യൽ സ്ഥാപനങ്ങൾ ആരംഭിച്ചു. ചിലർ തയ്യൽ കടകൾ ആരംഭിച്ചപ്പോൾ മറ്റ് ചിലർ കടകളിൽ ശമ്പളത്തിന് തയ്ച്ച് നൽകുന്നവരായി. പലരും വിദേശ രാജ്യങ്ങളിൽ ഫാഷൻ ഡിസൈനിംഗ് മേഖലയിൽ പ്രശസ്തരാണ്. ജാതിമതലിംഗ ഭേദമന്യേ എല്ലാവർക്കും ഹരീഷ് മാഷ് ക്ലാസ്സെടുക്കും. മദ്രസകളിലെ ഉസ്താദുമാരെ ഉൾപ്പെടെ ഹരീഷ് മാഷ് തയ്യൽ പഠിപ്പിച്ചെടുത്തിട്ടുണ്ട്. മദ്രസാ സമയത്തിന് ശേഷം സ്വന്തമായി വരുമാനം ഉണ്ടാക്കാൻ പലരും ഇത് ജീവിതമാർഗ്ഗമാക്കിയിട്ടുമുണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിവേണ്ട.
സാമൂഹിക പ്രവർത്തനം വ്രതമാക്കി ജീവിക്കുകയാണ് ഹരീഷ് മാഷ്. ദിവ്യാംഗയായ പെൺകുട്ടിയെ ജീവിത സഖിയാക്കിയപ്പോൾ അദ്ദേഹത്തിന് ഇതിൽ പൂർണത ലഭിച്ചു. അവസാന ശ്വാസംവരെ തയ്യൽ പഠിപ്പിക്കുന്നത് തുടരണം എന്നതാണ് ഹരീഷ് മാഷിൻറെ ആഗ്രഹം. ഒപ്പം വാടക കെട്ടിടത്തിലെ ഈ തയ്യൽകട സ്വന്തമായി ഒരു കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്നതും.
Discussion about this post