തിരുവനന്തപുരം: സി പി എം സ്ഥാനാര്‍ത്ഥിയെ കാലുവാരാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ വി കെ മധുവിനെതിരെ പാര്‍ട്ടി അന്വേഷണം. അരുവിക്കരയിലെ സി പി എം സ്ഥാനാര്‍ഥി ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടത്താനൊരുങ്ങുന്നത്.
അരുവിക്കരയിലേക്ക് സ്ഥാനാര്‍ത്ഥിയായി സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ആദ്യം നിര്‍ദേശിച്ചത് വി കെ മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലയിലെ സി പി എമ്മിന്റെ ഏറ്റവും പ്രധാന നേതാക്കളിലൊരാളാണ് മധു. അത്തരത്തില്‍ മുതിര്‍ന്ന നേതാവ് തന്നെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സി പി എം സംസ്ഥാന നേതൃത്വവും. ഈ സാഹചര്യത്തില്‍ മധുവിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
Discussion about this post