ഡൽഹി: ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ വിതരണം ആരംഭിച്ചു. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വാക്സിൻ വിതരണം ആരംഭിച്ചത്. ഇതുവരെ 1000 പേർക്ക് വാക്സിൻ നൽകി കഴിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.
സ്പുട്നിക് വി വാക്സിന് സ്പോട് രജിസ്ട്രേഷൻ ലഭ്യമല്ല. കൊവിൻ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യുന്നവർക്കാകും വാക്സിൻ ലഭ്യമാകുക. ജൂൺ 25ന് സ്പുട്നിക് വി വാക്സിൻ വിതരണം ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
1,145 രൂപയാണ് വാക്സിന്റെ ഒറ്റ ഡോസിന് വില. സ്വകാര്യ ആശുപത്രികളിൽ കൊവിഷീൽഡ് ഒരു ഡോസിന് 780 രൂപയും കൊവാക്സിന് 1,410 രൂപയുമാണ് വില.
92 ശതമാനമാണ് സ്പുട്നിക് വി വാക്സിന്റെ പ്രതിരോധ ക്ഷമത. സ്പുട്നിക് വിക്ക് പിന്നാലെ സ്പുട്നിക് ലൈറ്റ് വാക്സിനും റഷ്യ രംഗത്തിറക്കിയിരുന്നു. 78.6 മുതൽ 83.7 ശതമാനം വരെയാണ് ഇതിന്റെ പ്രതിരോധ ക്ഷമത.
Discussion about this post