രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ആസൂത്രണക്കേസിലെ പ്രതികളായ കൊടുവള്ളി സംഘാംഗങ്ങള്‍ കരിപ്പൂരില്‍ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കേസിലെ പ്രതികളായ ഫിജാസും ഷിഹാബും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് രാമനാട്ടുകര അപകടം നടന്ന ദിവസം പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ലഗേജ് കവര്‍ന്ന ശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട് പുതുനഗരം സ്വദേശിയാണ് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജൂണ്‍ 21ാം തീയതി പുലര്‍ച്ചെയാണ് റിയാദില്‍ നിന്നെത്തിയ ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് നാലംഗ സംഘം കണ്ണുകെട്ടി കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് പരാതി. തന്നെ മര്‍ദിക്കുകയും ലഗേജും രണ്ടു മൊബൈല്‍ ഫോണുകളും തട്ടിയെടുത്തെന്നും പിന്നീട് പാലക്കാട് ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു.
സ്വര്‍ണക്കവര്‍ച്ച ആസൂത്രണക്കേസില്‍ റിമാന്റില്‍ കഴിയുന്നവരാണ് ഫിജാസും ഷിഹാബും. പൊലീസിന് ലഭിച്ച സൂചനകളനുസരിച്ച് തട്ടിക്കൊട്ടുപോയതായി പരാതി നല്കിയ വ്യക്തിയും സ്വര്‍ണക്കടത്ത് സംഘാങ്ങളും നേരത്തെ പരിചയമുണ്ട്. ഈ നിലയ്ക്കും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post