കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്.
ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷമായ ബി ജെ പി മുദ്രാവാക്യം മുഴക്കി ഗവര്‍ണറുടെ പ്രസംഗം തടഞ്ഞു.
ആദ്യം പ്രസംഗം നിര്‍ത്തിയ ഗവര്‍ണര്‍, സ്‌പീക്കറുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസംഗം ആരംഭിച്ചു. ഇതോടെ ബി ജെ പി അംഗങ്ങള്‍ വീണ്ടും ബഹളം തുടങ്ങി. തുടര്‍ന്ന് പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ ബി ജെ പി പ്രതിഷേധിച്ചത്. ബഹളം രൂക്ഷമായതിനാലാണ് ഗവര്‍ണര്‍ ഇറങ്ങിപോയതെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
Discussion about this post