ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര കേന്ദ്രത്തിന്റെ സ്ഥാപകൻ, ലോക കോടീശ്വരന്മാരിൽ ഒരാൾ, താമസം 12000 കോടി രൂപ വില വരുന്ന വീട്ടിൽ, പറഞ്ഞു വരുന്നത് ജെഫ് ബെസോസിനെ കുറിച്ചാണ്. ഇൻറർനെറ്റ് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഒന്നായ ആമസോണിൻറെ സ്ഥാപകനും ചെയർമാനുമാണ് ജെഫ് ബെസോസ്.
ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ പുസ്തക ശാലയും വ്യാപാര കേന്ദ്രവും ആണ് ആമസോൺ.കോം. ഒരു ചെറിയ നിക്ഷേപമാണ് ഇത്ര വലിയ ശൃംഖലയായി പടർന്ന് കിടക്കുന്നതെന്നറിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ ചെറുതല്ല.
1964 ൽ ന്യൂമെക്സികോയിലാണ് ജെഫ് ബെസോസിന്റെ ജനനം. പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ജെഫ് ബെസോസ് ഫിറ്റെക് എന്ന ഫിൻടെക് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാർട്ടപ്പിൽ ജോലി ആരംഭിച്ചു. മാസങ്ങൾക്കുള്ളിൽ കസ്റ്റമർ സർവീസ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് ബാങ്കിംഗ് രംഗത്തേക്ക് മാറിയ അദ്ദേഹം പുതുതായി ആരംഭിച്ച ഡി ഇ ഷാ & കോ എന്ന കമ്പനിയിൽ ചേർന്നു. മുപ്പതാമത്തെ വയസ്സിൽ ഡി ഇ ഷായുടെ സീനിയർ വൈസ് പ്രസിഡന്റുമായി.
എന്നാൽ സ്വന്തമായൊരു സംരംഭം എന്ന സ്വപ്നത്തിനായി 1993 ൽ ബെസോസ് ഡി ഇ ഷാ യിലെ ജോലി രാജി വച്ചു. മാതാപിതാക്കളിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് ഓൺലൈൻ പുസ്തക സ്റ്റോർ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
ചെറിയൊരു ഗാരേജിൽ കഡാബ്ര എന്ന പേരിൽ രൂപം കൊണ്ട ഓൺലൈൻ പുസ്തക സ്റ്റോർ പിന്നീട് അതിന്റെ പേര് ആമസോൺ എന്നാക്കി മാറ്റി. രണ്ട് മാസത്തിനുള്ളിൽ, ആമസോണിന്റെ വിൽപ്പന ആഴ്ചയിൽ 20,000 ഡോളറിലെത്തി
ജെഫ് ബെസോസ് വിചാരിച്ചതിലും അതിവേഗത്തിൽ ആമസോൺ വളർന്നു. 1998 ആയപ്പോഴേക്കും ഓൺലൈൻ ബുക്ക് സ്റ്റോർ എന്നതിലുപരി ആമസോൺ മറ്റ് ഉൽപ്പന്ന മേഖലകളിലേക്കും വ്യാപിച്ചു. പ്രത്യേകിച്ച് 1998ൽ, സിഡികളും വീഡിയോകളുമിറക്കി. പിന്നീട് പ്രധാന റീട്ടെയിൽ ബിസിനസ് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങൾ എന്നിവയായിരുന്നു. 90 കളിൽ നിരവധി ഓൺലൈൻ സംരംഭങ്ങൾ തകർന്ന് നിലം പരിശായപ്പോൾ ആമസോൺ വളർച്ചയിലേക്ക് കുതിച്ചു.
2002 ൽ ബെസോസ് ആമസോൺ വെബ് സർവീസസ് ആരംഭിക്കുകയും തൊട്ടടുത്ത വർഷം സെൻട്രൽ ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് 600 മില്യൺ ഡോളറിന്റെ കരാർ നേടുകയും ചെയ്തു. 2007 ൽ അദ്ദേഹം ആമസോൺ കിൻഡിൽ ആരംഭിച്ചു. 2013 ൽ അമേരിക്കൻ പത്രമായ ദി വാഷിംഗ്ടൺ പോസ്റ്റ് 250 മില്യൺ ഡോളറിന് വാങ്ങിയാണ് ബെസോസ് മാധ്യമ രംഗത്ത് പ്രവേശിച്ചത്.
2017 ൽ ആമസോൺ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കരാർ 13.7 ബില്യൺ ഡോളറിന് സ്വന്തമാക്കി. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് രണ്ട് മണിക്കൂർ സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്നതിലായിരുന്നു ആമസോണിന്റെ വിജയം.
2018 ആയപ്പോഴേക്കും ആമസോൺ ഓഹരികൾക്ക് 109 ബില്യൺ ഡോളറിലധികം വില ഉയർന്നു കഴിഞ്ഞിരുന്നു. ഈ പണം മറ്റ് സംരംഭങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ജെഫ് ബെസോസ് തീരുമാനിച്ചു. 2018 ൽ ആമസോൺ എക്കാലത്തെയും ഉയർന്ന ലാഭം രേഖപ്പെടുത്തി.
ത്രൈമാസ വരുമാനം 2 ബില്യൺ ഡോളർ. 2018 അവസാനത്തോടെ ആമസോണിന്റെ മൂല്യം ഒരു ട്രില്യൺ ഡോളറിലധികം ആയിരുന്നു. ആപ്പിൾ കഴിഞ്ഞാൽ ഈ റെക്കോർഡ് നേടുന്ന രണ്ടാമത്തെ കമ്പനിയായി ആമസോൺ മാറി.
109 ബില്യൺ ഡോളർ ആസ്തിയാണ് നിലവിൽ ജെഫ് ബെസോസിനുള്ളത്. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഭവന വിൽപനയായിരുന്നു ജെഫ് ബെസോസിന്റേത്. ഒൻപത് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ എസ്റ്റേറ്റ് മുഴുവൻ ബെവർലി ഹിൽസിലെ ബെനഡിക്റ്റ് മലയിടുക്കിലാണ് സ്ഥിതിചെയ്യുന്നത്. 12000 കോടിയ്ക്കാണ് ജെഫ് ഇത് സ്വന്തമാക്കിയത്.
ജോർജിയൻ ശൈലിയിൽ പണി കഴിപ്പിച്ച ആഡംബര മാളികയിൽ എട്ട് കിടപ്പുമുറികളും ഒമ്പത് കുളിമുറികളും ഉണ്ട്. ഒരുകാലത്ത് നെപ്പോളിയന്റെ ഉടമസ്ഥതയിലുള്ള മാളികയാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.
2000 ൽ ബെസോസ് ബഹിരാകാശ യാത്രാ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതികവിദ്യകൾ വികസിപ്പിച്ചു. ഇതിനായി ബ്ലൂ ഒറിജിൻ എന്ന കമ്പനി സ്ഥാപിച്ചു.
2019 ലാണ് ജെഫ് ബെസോസും ഭാര്യ മക്കെൻസി ടട്ടിലും വിവാഹമോചിതരായത്. ഇവർക്ക് മൂന്ന് ആൺമക്കളും ചൈനയിൽ നിന്ന് ദത്തെടുത്ത മകളുമാണുള്ളത്. ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയിൽ മാത്രമല്ല 2019 ലെ ജീവകാരുണ്യ പ്രവർത്തകരുടെ പട്ടികയിലും ഇദ്ദേഹമുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ആമസോൺ സിഇഒ സ്ഥാനം ഒഴിഞ്ഞ ബെസോസ് പ്രഖ്യാപിച്ചത് വൈകാതെ തന്റെ ബഹിരാകാശ പര്യവേഷണ കമ്പനിയായ ബ്ലൂ ഒറിജിൻ നിർമ്മിച്ച റോക്കറ്റിൽ അടുത്ത മാസം ബഹിരാകാശത്തേക്ക് പറക്കുമെന്നാണ്.
ബെസോസും സഹോദരനും പേര് വെളിപ്പെടുത്താത്ത മറ്റൊരു വ്യക്തിയുമാണ് ബഹിരാകാശത്തേക്ക് പോകുന്നത്. റോക്കറ്റ് ബൂസ്റ്ററിന് മുകളില്‍ ഇരിക്കുന്ന താഴികക്കുടത്തിന്റെ ആകൃതിയിലുള്ള കാപ്‌സ്യൂള്‍ വാഹനത്തിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോവുക. ഭൂമിയുടെ ഉപരിതലത്തിന് മുകളില്‍ 100 കിലോമീറ്റര്‍ അല്ലെങ്കില്‍ 62 മൈല്‍ അകലെയുള്ള ഒരു സാങ്കല്‍പ്പിക അതിര്‍ത്തിയില്‍ വച്ച് ക്യാപ്‌സ്യൂള്‍ വേര്‍തിരിക്കാനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലേക്ക് തിരികെ വരാനാണ് പദ്ധതി.












