ഒരേ സമയം മുഖ്യമന്ത്രിയുടേയും, പ്രതിപക്ഷ നേതാവിൻ്റേയും, മന്ത്രിമാർ ഉൾപ്പെടെയുള്ള വൻ തോക്കുകളുടേയും ഉറക്കം കെടുത്തി രായ്ക്ക് രാമാനം ഇവരെയെല്ലാം സ്വന്തം വീട്ടിൽ നിന്ന് ഓടിച്ച് വിടാനാകുമോ സക്കീർ ഭായിക്ക്?… ഇതൊന്നും പോരാഞ്ഞ് കേരള ഹൈക്കോടതി കൂടുന്നതിനെ തടയിടാൻ ഏതെങ്കിലും ഒരു വില്ലന് ഇന്നുവരെ കഴിഞ്ഞിട്ടുണ്ടോ?ഒരിക്കലുമില്ല.
എന്നാൽ ഇതിനെല്ലാം കഴിവുള്ള ഒരു വില്ലൻ നമ്മുടെ കൊച്ചു കേരളത്തിലുണ്ട് ? ഇവൻ വന്നാൽ മുഖ്യമന്ത്രി വീടുവിട്ടിറങ്ങും, പ്രതിപക്ഷ നേതാവ് സ്ഥലം വിടും, മന്ത്രിമാർ ഓട്ടം പിടിക്കും, ഹൈക്കോടതി നിർത്തിവയ്ക്കും.
ബംഗ്ലാദേശ്,ഭൂട്ടാൻ നേപ്പാൾ,മ്യാൻമർ അടക്കമുള്ള ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും കുപ്രസിദ്ധനാണിവൻ. നിങ്ങളുടെയെല്ലാം തൊട്ട് തലക്ക് മുകളിൽ തട്ടിൻ പുറത്ത് ഒളിച്ചിരുപ്പുണ്ടെങ്കിലും ആ ഭീകരനെ നേരിട്ട് കണ്ടിട്ടുള്ളവർ വിരളം. അവൻ്റെ ശാസ്ത്രനാമം ഇത്തിരി കടുകട്ടിയാണ്.. പാരഡോക്‌സുറസ് ഹെർമാഫ്രോഡിറ്റസ്!
തെക്കുകിഴക്കൻ ഏഷ്യ മുഴുവൻ പരന്നുകിടക്കുന്ന സാമ്രാജ്യമുള്ള അധോലോക നായകൻ… ഏഷ്യൻ പാം സിവറ്റ്!അതായത് നമ്മുടെ സ്വന്തം മരപ്പട്ടി!
ഇവൻ എത്തിയാൽ എല്ലാവരുടെയും സമാധാനം നഷ്ടപ്പെടും. ഇവൻ പുറപ്പെടുവിക്കുന്ന സ്രവത്തിൻ്റെ കൊടിയ ഗന്ധം സഹിക്കാനാവാതെ ക്ളിഫ് ഹൗസും ഹൈക്കോടതിയും വിട്ട് ആളുകൾ ഇറങ്ങിയോടും. നമ്മുടെ നാട്ടിലെ വെരുക് അഥവാ മെരുവുമായി ഇവന് നല്ല മുഖസാദൃശ്യമുണ്ട്. മുഖസാദൃശ്യം മാത്രമല്ല ബന്ധം പറഞ്ഞാൽ വെരുകിൻ്റെ വകയിലെ ഒരു കസിൻ കൂടിയാണീ മരപ്പട്ടികൾ. വെരുകിനെ പോലെ തന്നെ വിവെറിഡെ കുടുംബക്കാരനാണ് മരപ്പട്ടി. എന്നാൽ വെരുകിനെപ്പോലെ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനുള്ള കഴിവൊന്നും മരപ്പട്ടിക്കില്ല. പക്ഷേ കൊടിയ രൂക്ഷഗന്ധമുള്ള സ്രവം നാട്ടുകാർക്ക് മുഴുവൻ ശല്യമാകാറുമുണ്ട്. വെരുകുവംശത്തിൽ പെട്ട മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമായി വാലിൽ വളയങ്ങളൊന്നുമില്ല മരപ്പട്ടിക്ക്. കാണാൻ നല്ല സൗന്ദര്യമുള്ളവരാണിവർ. ഒരു വലിയ പൂച്ചയുടെ അത്രയുമോ കൊച്ചു നായയുടെ അത്രയുമോ വലിപ്പമുള്ള ഇവർ ഏകദേശം ഒരു മീറ്റർ നീളം വയ്ക്കാറുണ്ട്. 45 സെന്റീമീറ്ററോളം നീളമുള്ള വാലാണ് ഇവരുടെ ഹൈലൈറ്റ്. മൂന്നു മുതൽ അഞ്ചു കിലോഗ്രാം വരെ ഭാരമുണ്ടാകും ഇവയ്ക്ക്. ചിലപ്പോൾ അതിലധികവും.
ചാരനിറമോ തവിട്ടും കറുപ്പും ചേർന്ന നിറമോ ഉള്ള പരുപരുത്ത രോമങ്ങൾ, നെറ്റിയിൽ ഭസ്മം പൂശിയത് പോലെ വെള്ള രോമങ്ങൾ, കണ്ണിനു താഴെയും ചിലപ്പോൾ മൂക്കിന് ഇരുവശങ്ങളിലും ഈ വെള്ള നിറം കാണാം. രാത്രിയിൽ നല്ല കാഴ്ച ലഭിക്കാനായി വലിയ ഉണ്ടക്കണ്ണുകൾ, മൂർച്ചയുള്ള നീളമേറിയ കറുത്ത ചുണ്ട്… ഇവയുടെ ഒരു വലിയ പ്രത്യേകത കഴുത്തിനു പിന്നിലെ രോമങ്ങൾ ശരീരത്തിലെ മറ്റ് രോമങ്ങൾ വളരുന്നതിന് എതിർദിശയിൽ വളരുന്നു എന്നതാണ്.
മരംകയറ്റത്തിന് സഹായിക്കുന്ന കൂർത്ത നഖങ്ങളാണ് ഇവയ്ക്കുള്ളത്. ഈ നഖങ്ങൾ പൂച്ചയെപ്പോലെ ഭാഗികമായി ഉള്ളിലേക്ക് വലിക്കാവുന്നതാണ്. ഇവയ്ക്ക് ശക്തമായി മരങ്ങളിൽ പിടിക്കാനും കയറാനും സാധിക്കും ഏത് തെങ്ങിലും വലിയ പനയിലും വലിഞ്ഞ് കയറും. തെങ്ങിൻ പൂക്കുലയും പനയുടെ പൂങ്കുലയും തിന്നു തീർക്കും. തെങ്ങിലും പനയിലും കള്ളെടുക്കാൻ കുടം വച്ചിട്ടുണ്ടെങ്കിൽ അതും കുടിച്ചുതീർക്കും. കള്ളുണ്ണി എന്ന് നാട്ടിൻ പുറങ്ങളിൽ ഇവനൊരു വിളിപ്പേരുണ്ട്. ‘ടോഡി ക്യാറ്റ്’ എന്ന് ഇംഗ്ളീഷിലും.
ഇവയെ മരപ്പട്ടിയെന്നും, ടോഡി ക്യാറ്റ്, Civet Cat എന്നുമൊക്കെ വിളിക്കാരുണ്ടെങ്കിലും പട്ടിയുമായോ പൂച്ചയുമായോ ഇവർക്ക് ഒരു ബന്ധവുമില്ല. കീരി വർഗ്ഗത്തിനോടും വെരുകു വർഗ്ഗത്തിനോടുമാണ് ഇവയ്ക്ക് ബന്ധം. പഴയ വീടുകളിലെ തട്ടിൻപുറങ്ങൾ ആണ് ഇവരുടെ പ്രിയപ്പെട്ട പഞ്ചനക്ഷത്ര ഹോട്ടൽ. അവിടെയാണ് രാത്രി ഇവൻ്റെ എനർജി ഓൺ ആവുന്നത്! വീടുകളിൽ മാത്രമല്ല മരപ്പൊത്തുകളിലും മാളങ്ങളിലും ഇവൻ താമസിക്കാറുണ്ട്.
മരപ്പട്ടികൾ പൂർണ്ണമായും രാത്രിസഞ്ചാരികളാണ്. രാത്രിയാണ് ഇവൻ്റെ ഓട്ടവും ചാട്ടവുമെല്ലാം. തട്ടുമ്പുറത്ത് ഇവനുണ്ടെങ്കിൽ വീട്ടിലെ എല്ലാവരും അതറിയും.. അങ്ങനെയാണ് ആളിന്റെ തലകുത്തിമറിയൽ.. പുലർച്ചെ 12 മണി മുതൽ 4 മണി വരെയാണ് ഇവൻ്റെ പ്രൈം ടൈം എന്ന് പറയാം. തൊടിയിലിറങ്ങി പനങ്കുല, തെങ്ങിൽ പൂക്കുല, കരിക്ക്, വാഴപ്പഴം, ചക്ക, മാങ്ങ എന്ന് വേണ്ട സകലതരം പഴങ്ങളും തിന്നു തീർക്കും. ചെത്തിവച്ചിരിക്കുന്ന കള്ള് കുടങ്ങളിൽ നിന്ന് കള്ള് കട്ടുകുടിക്കും. അവ താഴെ തട്ടിയിടും. അതുകൊണ്ടാണ് തട്ടും പുറം വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടുകാരുടെ മാത്രമല്ല, ചുറ്റുപാടുമുള്ള കർഷകരുടെയും കള്ളുഷാപ്പുകാരുടേയും കൂടി ഉറക്കം കെടുത്തുന്ന ശത്രുവായി ഇവൻ മാറുന്നത്. പഴമുണ്ണി എന്നും കൊല്ലം ജില്ലയിൽ ഇവനൊരു പേരുണ്ട്. പഴങ്ങളും പൂക്കുലയും മാത്രമല്ല ഇവൻ ഒരു മിശ്രഭുക്കാണ്. ചെറിയ സസ്തനികൾ, പ്രാണികൾ, പക്ഷികളുടെ മുട്ടകൾ… എല്ലാം ഇവൻ അകത്താക്കും.
മരപ്പട്ടികൾക്ക് ഗുദത്തിന് സമീപം സ്ഥിതിചെയ്യുന്ന ചില ഗ്രന്ഥികളുണ്ട്. ഇവയിൽ നിന്ന് പുറപ്പെടുവിക്കുന്ന രൂക്ഷഗന്ധമുള്ള ദ്രാവകം ഉപയോഗിച്ചാണ് ഇവ തങ്ങളുടെ അതിർത്തികൾ അടയാളപ്പെടുത്തുന്നതും ഇണയെ ആകർഷിക്കുന്നതും. ഈ ഗന്ധം ഉപയോഗിച്ച് മറ്റ് മരപ്പട്ടികൾക്ക് ഇണയെയും, പരിചിതരായവരെയും അപരിചിതരെയും എല്ലാം തിരിച്ചറിയാൻ സാധിക്കും. സാധാരണഗതിയിൽ ഈ സ്രവത്തിൻ്റെ ഗതികേട് അനുഭവിക്കുന്നത് ഇവന്റെ വാസസ്ഥാനമായ തട്ടിൻപുറമുള്ള വീടുകളിലെ മനുഷ്യരാണ്. മനം പുരട്ടിക്കുന്ന തരം വീര്യമുള്ളതും രൂക്ഷമായതുമായ ഈ ഗന്ധം മൂലമാണ് അവർക്ക് വീടുവിട്ട് സ്ഥലം ഓടേണ്ടി വരുന്നത്. മരപ്പട്ടി മൂത്രമൊഴിച്ചേ എന്നാണ് പറയുന്നതെങ്കിലും രൂക്ഷഗന്ധമുള്ള ഈ സ്രവം ഇവയുടെ മൂത്രമല്ല, ഈ പെരിനിയൽ ഗ്രന്ഥിയിൽ നിന്ന് വരുന്ന സ്രവമാണ്.
ഇവൻ്റെ കസിനായ വെരുകിൽ നിന്ന് ലഭിക്കുന്ന സമാനമായ സ്രവം പക്ഷേ മനുഷ്യർ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. വെരുകിന്റെ സ്രവം സിവെറ്റോൺ (Civetone) എന്ന പ്രധാന സംയുക്തം അടങ്ങിയതാണ്. ഇതിന് കസ്തൂരിയുടെതിന് സമാനമായ ഒരു ഗന്ധമാണ് ഉള്ളത്. മരപ്പട്ടിയുടെ സ്രവത്തിനാകട്ടെ കഠിനമായ രൂക്ഷ ഗന്ധവും. വൃത്തികെട്ട മസാലയുടെയോ കരിഞ്ഞ കപ്പലണ്ടിയുടേയോ ഒക്കെ ഗന്ധത്തിനോട് സാമ്യമുള്ള മരപ്പട്ടിയുടെ സ്രവത്തിൻ്റെ രൂക്ഷത എത്ര കഴുകിയാലും പൂർണ്ണമായും മാറുകയുമില്ല.
ശാസ്ത്രീയ നിർവചനപ്രകാരം മരപ്പട്ടികൾ വംശനാശഭീഷണി നേരിടുന്ന ജീവികളല്ല. ഇവയുടെ കൂടിയ എണ്ണവും ഏത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും ഇവയെ രക്ഷിക്കുന്നുണ്ട്. എന്നാൽ ഒരു ശല്യക്കാരനാണെങ്കിലും, നമ്മുടെ നാട്ടിൽ 1972-ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവൻ സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയാണ്. അതായത്, പിടിക്കുന്നതും കൊല്ലുന്നതുമെല്ലാം നിയമപ്രകാരം കുറ്റകരമാണ്.
അതുകൊണ്ട് ശല്യം കൂടിയാൽ ഫോറസ്റ്റുകാരെയോ ഔദ്യോഗിക വന്യജീവി പിടുത്തക്കാരെയോ സമിപിക്കുക. നാട്ടിലെ മരപ്പട്ടി പിടുത്തക്കാരെ വിളിക്കരുത് .. ഇവയുടെ ഇറച്ചി സൂപ്പറാണെന്ന് കരുതുന്നവരുണ്ട്.. അവർ തൂക്കിയെടുത്ത് കറിയാക്കി വയറ്റിലാക്കും .. അത് മറക്കണ്ട
ഇനി ഈ ശല്യക്കാരൻ ഒരു അന്താരാഷ്ട്ര താരമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ കോഫി ലുവാക്ക് (Kopi Luwak) അഥവാ സിവെറ്റ് കോഫി ഉണ്ടാക്കുന്നത് മരപ്പട്ടിയാണ്. ഇന്തോണേഷ്യയിലേയും ബാലിയിലേയും കാപ്പിത്തോട്ടങ്ങളിൽ നിന്ന് ഇവൻ തിരഞ്ഞുപിടിച്ച് ഭക്ഷിക്കുന്ന കാപ്പിക്കുരുക്കളിൽ നിന്നാണ് ലോകത്തെ ഏറ്റവും വിലയേറിയ കഫേ ലുവാക് ഉണ്ടാക്കുന്നത്. ഇവൻ ഭക്ഷിക്കുന്ന കാപ്പിപ്പഴങ്ങൾ ഇവൻ്റെ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, എൻസൈമുകളുടെ പ്രവർത്തനം മൂലം കാപ്പിക്കുരുവിന് സവിശേഷമായ ഒരു രുചി ലഭിക്കുന്നു എന്നാണ് പറയുന്നത്. ഇവൻ കഴിച്ച ശേഷം പൂർണ്ണമായും ദഹിക്കാത്ത കാപ്പിക്കുരു ഇവൻ്റെ കാഷ്ഠത്തിലൂടെ പുറത്തുവരും. അത് ശേഖരിച്ച് കഴുകി ഉണക്കി വറുത്ത് പൊടിച്ച് കാപ്പിപ്പൊടിയാക്കും. ഈ ഒരു കപ്പ് കാപ്പിക്ക് അയ്യായിരം മുതൽ പതിനായിരം രൂപ വരെയാണ് ലണ്ടനിലേയും പാരീസിലേയും ന്യൂയോർക്കിലേയും പഞ്ചനക്ഷത്ര കോഫീ ഷോപ്പുകളിൽ വില.
ഇന്ന് ബാലിയിലും ഇന്തോനേഷ്യയിലുമെല്ലാം ഇവനെ കൂട്ടിലിട്ട് വളർത്തി കാപ്പിപ്പഴം കൊടുത്ത് കാഷ്ടം ശേഖരിക്കുന്ന ബിസിനസ് വ്യാപകമാണ്. ക്ളിഫ്ഹൗസിലും കൻ്റോണ്മെൻ്റ് ഹൗസിലും നിന്ന് പിടികൂടുന്ന മരപ്പട്ടികളെ ഉപയോഗിച്ച് ഇങ്ങനെയൊരു വ്യവസായം നമ്മുടെ സർക്കാരിനും ആലോചിക്കാവുന്നതേയുള്ളൂ. എന്തായാലും, കേരളത്തിലെ പല കൊമ്പന്മാരുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന മരപ്പട്ടിക്ക് ഏതൊരു അധോലോകനായകനേയും പോലെ ഒളിഞ്ഞും തെളിഞ്ഞും അന്താരാഷ്ട്രതലത്തിൽ നിരവധി ആരാധകരുമുണ്ട്.
തട്ടിൻപുറത്തിരുന്ന് ഉന്നതരുടെ ഉറക്കം കെടുത്തി, പുറത്ത് ലോകോത്തര കാപ്പിക്കുരു കാഷ്ഠിച്ച് കോടികൾ കൊയ്യുന്ന ഒരു വിരുതൻ! അടുത്ത തവണ ഇവൻ വീട്ടിൽ അതിഥിയായി വന്നാൽ, ഇവൻ്റെ സ്രവത്തിൻ്റെ ഗന്ധം സഹിക്കാനാവാതെ ചീത്ത വിളിക്കുന്നതിന് മുൻപ് ഓർക്കുക: നിങ്ങൾ ശകാരിക്കുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിക്ക് പിന്നിലെ “കോഫീ കിങിനെ‘ ആണെന്ന്.
Discussion about this post