വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി, കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. പ്രതി കുട്ടിയെ രണ്ടുവർഷമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഒടുവിൽ കഴുത്തിൽ കയറുമുറുക്കി ആ കുഞ്ഞിനെ കൊന്നുകളഞ്ഞ ശേഷം പ്രതി അർജുൻ (22) എസ്റ്റേറ്റിലെ ലയത്തിൽ സമാധാനത്തോടെ താമസിച്ചു.
കഴിഞ്ഞമാസം 30-നാണ് എസ്റ്റേറ്റിലെ മുറിക്കുള്ളിൽ വാഴക്കുല കെട്ടിയിടുന്ന കയറിൽ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അർജുൻ പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്. അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡനവിവരം അറിയുന്നത്. പ്രതിയെ തെളിവെടുപ്പിനായി ലയത്തിൽ വൻ പോലീസ് സുരക്ഷയിലാണ് എത്തിച്ചത്. നാട്ടുകാർ അക്രമാസക്തരായതോടെ വേഗം തെളിവെടുപ്പ് നടത്തി പോലീസ്‌സംഘം മടങ്ങി.
കൃത്യം നടന്ന ദിവസം ലയത്തിലുള്ള ആൺകുട്ടികൾ മുഴുവൻ മുടി വെട്ടുന്നതിനായി ലയത്തിന്റെ മറുവശത്ത് ഒത്തുചേർന്നിരുന്നു. ഇതിനിടയിൽ ആരുമറിയാതെ കുട്ടിയുടെ അടുത്തെത്തിയ അർജുൻ, വീട്ടിൽ ആരുമില്ലെന്നുറപ്പാക്കി ബലമായി പീഡനത്തിനിരയാക്കുന്നതിനിടെ കുട്ടി ബോധരഹിതയായി നിലത്തുവീണു. പരിഭ്രാന്തനായ അർജുൻ കട്ടിലിൽ കിടന്ന ഷാളുപയോഗിച്ച് വാഴക്കുല കെട്ടിയിടുന്ന കയറിൽ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു. ഷാൾ കഴുത്തിൽ മുറുകിയപ്പോൾ പിടച്ച് കണ്ണ് പുറത്തേക്ക് തള്ളിവന്നെങ്കിലും മരിക്കുന്നതുവരെ അർജുൻ അവിടെ നിന്നു. മരണം ഉറപ്പു വരുത്തിയശേഷം മുൻവശത്തെ കതക് അടച്ചിട്ടു. തുടർന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നുഒന്നുമറിയാത്തപോലെ കൂട്ടുകാർക്കൊപ്പം ചേർന്നു. മൂന്നു മണിയോടെ കുട്ടിയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കണ്ടത്. വീട്ടിൽനിന്നു നിലവിളി ഉയർന്നതിനു പിന്നാലെ ഇവിടേക്ക് ഓടി എത്തിയവരുടെ കൂട്ടത്തിൽ അർജുനും ഉണ്ടായിരുന്നു.
മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമായി. ഇതു തനിക്ക് തുണയാകുമെന്ന് അർജുൻ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു.
ആറുവയസ്സുകാരിയെ 2019 നവംബർമുതൽ അർജുൻ ലൈംഗികമായി ഉപയോഗിച്ചു വരുകയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത ബന്ധം ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. അർജുനാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. ദിവസവും കൂടിയ തുകയ്ക്ക് പലഹാരങ്ങളും വാങ്ങിനൽകിയിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇടയ്ക്ക് ചില മാറ്റങ്ങൾ വീട്ടുകാർ കണ്ടിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിച്ചില്ല. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തെല്ലാം അർജുൻ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. സദാസമയവും എല്ലാവരോടും വാചാലയായ കുട്ടി ഇക്കാര്യം മറച്ചുവെച്ചത് എന്തിനാണെന്ന് ഇതുവരെ വ്യക്തമല്ല.
Discussion about this post