കവരത്തി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പിമാർക്ക് പിന്നാലെ ഇടത് എം പിമാർക്കും പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള ഇവരുടെ ദ്വീപ് പ്രവേശനം ദ്വീപിൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിച്ചത്.
ഇടത് എം പിമാരായ എളമരം കരീം, വി ശിവദാസൻ, എ എം ആരിഫ്, ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ, കെ സോമപ്രസാദ്, തോമസ് ചാഴികാടൻ, ജോൺ ബ്രിട്ടാസ് എന്നിവർക്കാണ് ലക്ഷദ്വീപ് ഭരണകൂടം പ്രവേശനാനുമതി നിഷേധിച്ചത്.
പ്രവേശനം നിഷേധിച്ചത് ചൂണ്ടിക്കാട്ടി എം പിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ലഭിച്ച പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ഇവർക്ക് ദ്വീപിൽ പ്രവേശനാനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ച നടപടി സ്വാഗതാർഹമാണെന്ന് ലക്ഷദ്വീപ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അസ്കർ അലി പറഞ്ഞു.
എം പി മാരുടെ ദ്വീപ് പ്രവേശനം പൊതുതാത്പര്യ വിരുദ്ധവും ദ്വീപിന്റെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വിഘാതം സൃഷ്ടിക്കുന്നതുമായിരിക്കുമെന്ന് അസ്കർ അലി ചൂണ്ടിക്കാട്ടി. നേരത്തെ കോൺഗ്രസ് എം പിമാരായ ഹൈബി ഈഡനും ടി എൻ പ്രതാപനും ലക്ഷദ്വീപ് ഭരണകൂടം പ്രവേശനാനുമതി നിഷേധിച്ചിരുന്നു.








