കൊച്ചി: മാതാഅമൃതാനന്ദമയിദേവി ഉള്‍പ്പെടുന്ന ഫ്രഞ്ച് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വള്ളിക്കാവിലെ ആശ്രമത്തിലും സമീപത്തെ കടല്‍ത്തീരത്തുമായി കഴിഞ്ഞ ദിവസം നടന്ന ഷൂട്ടിംഗില്‍ അമൃതാനന്ദമയി ദേവി ഉള്‍പ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചു. ഫ്രഞ്ച് നിര്‍മാതാവ് മാനുവല്‍ ക്ളൗഡേ ലിലോഷെയാണ് അമൃതാനന്ദമയി ദേവിയുടെ ജീവിതം സിനിമയാക്കുന്നത്.
മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ജേതാവായ ജീന്‍ ദുജാര്ദ്ദീനും പ്രമുഖ ഹോളിവുഡ് നടി എല്‍സ സില്ബെര്സ്റ്റെയിനുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിനിമയുടെ ഭാഗമായി 62 അംഗ സംഘമാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.
മാനസിക പിരിമുറുക്കങ്ങളില്‍ അലയുന്ന ഫ്രഞ്ച് ദമ്പതിമാര്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടി ഇന്ത്യയിലെത്തുന്ന കഥയാണ് സിനിമയില്‍ പറയുന്നത്.ആത്മീയതയില്‍ വിശ്വാസമില്ലാത്തയാളാണ് ഭര്‍ത്താവ്.എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന ഇവര്‍ അമൃതാനന്ദമയി ദേവിയെക്കുറിച്ച് അറിയുന്നു. അമൃതപുരിയില്‍ എത്തിച്ചേരുന്ന ഇവര്‍ അമൃതാനന്ദമയി ദേവിയുടെ ഭക്തരായി മാറുകയും ചെയ്യുന്നതാണ് കഥയുടെ ഉള്ളടക്കം.കഴിഞ്ഞ ദിവസം ഷൂട്ടിംഗിന്റെ ഭാഗമായി എത്തിയ നായികാനായകന്മാരെ മറ്റ് ഭക്തരെപ്പോലെ തന്നെ അമൃതാനന്ദമയി ദേവി ആശ്ളേഷിച്ചു.
രണ്ട് തവണ മികച്ച സംവിധായകനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ സംവിധായകനാണ് ക്ലൗഡ് ലിലോഷ.സിനിമയുടെ ഇംഗ്ലീഷ് നാമം അണ് പ്ലസ് വണ്‍ എന്നാണ് . മുംബൈയിലുംവാരണാസിയിലും ഡല്‍ഹിയിലും ഷൂട്ടിംഗ് നടത്തിയ ശേഷമാണ് സംഘം വള്ളിക്കാവിലെത്തിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 2004ല്‍, അമ്മയെക്കുറിച്ച് മാനുവല്‍ ചെയ്ത ഡോക്യുമെന്ററി ‘ദര്ശന് ‘പിറ്റേ വര്‍ഷം കാന്‍ ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discussion about this post