ഡൽഹി:മുംബൈ ഭീകരാക്രമണത്തിൽ 2009ൽ റെഡ് കോർണർ നോട്ടീസ് ഇറക്കിയത്തിനു പുറമെ ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ആണ് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവിൽ ലാഹോർ ജയിലിൽ ആണ് ഹാഫിസ് സെയ്ദ്.
2001 -ൽ ലഷ്കർ നടത്തിയ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട ഹാഫിസ് സയീദ്, ആ വർഷം തന്നെ വീട്ടുതടങ്കലിൽ ആയിരുന്നു. 2002 മാർച്ചിൽ സെയ്ദ് മോചിതനായെങ്കിലും 2006 -ൽ മുംബൈ ട്രെയിൻ ബോംബിങ്ങുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റിലായി. എന്നാൽ ആ കേസിൽ തെളിവില്ലെന്ന് പറഞ്ഞു കൊണ്ട് ലാഹോർ ഹൈക്കോടതി 2006 ഒക്ടോബറിൽ സെയ്ദിനെ വീണ്ടും വിട്ടയച്ചു. 2008 ഡിസംബറിൽ യുഎൻ ജമാഅത് ഉദ് ദാവയെ നിരോധിച്ചു. സെയ്ദ് വീണ്ടും വീട്ടുതടങ്കലിൽ ആയി. 2009 ജൂലൈയിൽ പാക് കോടതി ഈ വീട്ടുതടങ്കൽ നിയമവിരുദ്ധമെന്നു കണ്ടെത്തി സെയ്ദിനെ വീണ്ടും വിട്ടയച്ചു.
2009 ഓഗസ്റ്റിലാണ് ഇന്ത്യയുടെ അപേക്ഷ പ്രകാരം ഇന്റർപോൾ സെയ്ദിനെതിരെ ഒരു റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. 2009 സെപ്റ്റംബറിൽ പാക് സർക്കാർ വീണ്ടും സെയ്ദിനെ വീട്ടുതടങ്കലിൽ ആക്കി. 2012 ഏപ്രിലിലാണ് 2008 -ൽ നടന്ന മുംബൈ ഭീകരാക്രമണക്കേസിലെ ഗൂഢാലോചനയിൽ സെയ്ദിന്റെ പങ്ക് ചൂണ്ടിക്കാട്ടി അമേരിക്ക അയാളുടെ തലക്ക് പത്തുമില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചു. ഇന്ത്യ നിരന്തരം വ്യക്തമായ തെളിവുകൾ അന്താരാഷ്ട്ര ഫോറങ്ങളിൽ നൽകിയിട്ടും ഇന്നുവരെ ഹാഫിസ് സെയ്ദിനെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ പാക് ഭരണകൂടം തയ്യാറായിട്ടില്ല. അന്താരാഷ്ട്ര ഏജൻസികൾക്ക് മുന്നിൽ ഇന്ത്യ എത്ര കൃത്യമായ തെളിവുകൾ നൽകിയിട്ടും പാകിസ്ഥാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇയാൾക്കെതിരെ തെളിവില്ല എന്നുതന്നെയാണ്.
Discussion about this post