ഡല്‍ഹി: രാജ്യത്ത് ഒരു പൊതു നിയമം ആവശ്യമാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പറഞ്ഞ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് ഡല്‍ഹി ഹൈക്കോടതി. വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവിധ വ്യക്തിനിയമങ്ങളുടെ പേരില്‍ രാജ്യത്തെ യുവാക്കള്‍ നട്ടംതിരിയാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
”ആധുനിക ഇന്ത്യന്‍ സമൂഹത്തില്‍ മതത്തിന്റെയും ജാതിയുടെയും കുലത്തിന്റെയും അതിര്‍വരമ്പുകള്‍ പതിയെപ്പതിയെ ഇല്ലാതാകുകയാണ്. ആ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് ഒരു പ്രതീക്ഷ മാത്രമായി അവശേഷിക്കരുത്. വിവിധ ജാതിയിലും മതത്തിലും ഗോത്രത്തിലും കുലത്തിലുമുള്ള യുവാക്കള്‍ അവരുടെ വിവാഹവേളയില്‍ വിവിധ വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളുടെ പേരില്‍ ഉയരുന്ന പ്രശ്‌നങ്ങളില്‍ പെട്ട് പ്രതിസന്ധി നേരിടുന്നത് അഭിലഷണീയമല്ല”. ജസ്റ്റിസ് പ്രതിഭ എം. സിങ് ജൂലൈ ഏഴിനു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
1985ലെ ഷാ ബാനു കേസ് ഉത്തരവില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയെക്കുറിച്ചു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, ഭരണഘടനയുടെ 44-ാം വകുപ്പ് മുന്നോട്ടു വയ്ക്കുന്ന തരത്തില്‍ പൗരന്മാര്‍ക്ക് ഭരണകൂടം ഏകീകൃത സിവില്‍ കോഡ് ഉറപ്പാകുകയെന്നത് ഒരു പ്രതീക്ഷയായി മാത്രം തുടരരുതെന്നും കോടതി വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് വിവിധ ഘട്ടങ്ങളില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ എന്തൊക്കെ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്ന് അറിയില്ലെന്നു പറഞ്ഞ കോടതി തുടര്‍നടപടികള്‍ക്കായി ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്ര നിയമമന്ത്രാലയ സെക്രട്ടറിക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു.
മീണാ വിഭാഗത്തില്‍ പെട്ട ദമ്പതിമാരുടെ വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. രാജസ്ഥാനില്‍ പട്ടികവിഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള മീണാ വിഭാഗത്തിന് 1955ലെ ഹിന്ദു വിവാഹനിയമം ബാധകമല്ലെന്ന് ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം തള്ളിക്കൊണ്ടാണ് വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയ്ക്ക് പൊതുനിയമം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കിയത്.
Discussion about this post