പട്ന : ബീഹാറിൽ എൻഡിഎ നേടിയ അതിശയിപ്പിക്കുന്ന വിജയത്തിന് കാരണം സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിൽ ഐക്യത്തോടെ പ്രവർത്തിച്ചതാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ 243 സീറ്റുകളിൽ 202 എണ്ണവും നേടിക്കൊണ്ട് അതിശക്തമായ തിരിച്ചുവരവാണ് എൻഡിഎ സർക്കാർ ബീഹാറിൽ നടത്തിയിരിക്കുന്നത്. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതോടെ നിതീഷ് കുമാർ തുടർച്ചയായി അഞ്ചുതവണ ബീഹാർ മുഖ്യമന്ത്രിയാകുന്ന നേതാവാകും.
ബീഹാറിലെ ശക്തമായ വിജയത്തിന് നിതീഷ് കുമാറിനെ നേരിൽകണ്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ ചിരാഗ് പാസ്വാൻ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചിരാഗ് പാസ്വാന്റെ ലോക് ജൻ ശക്തി പാർട്ടി (രാം വിലാസ്) ഇത്തവണ ബിഹാർ തിരഞ്ഞെടുപ്പിൽ 19 സീറ്റുകളാണ് നേടിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രി നിതീഷ് കുമാർ തങ്ങളുടെ പാർട്ടിയെ പിന്തുണച്ചിരുന്നതായി ചിരാഗ് അറിയിച്ചു. എല്ലാ സഖ്യകക്ഷികളും ഒരുമിച്ച് തിരഞ്ഞെടുപ്പിൽ പോരാടി, അതുകൊണ്ടാണ് ഞങ്ങൾക്ക് വലിയ ഭൂരിപക്ഷം ലഭിച്ചത് എന്നും ചിരാഗ് പാസ്വാൻ മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
ബീഹാറിലെ എൻഡിഎയുടെ തകർപ്പൻ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതീഷ് കുമാറിനെ അഭിനന്ദിച്ചു. ഇന്നലെ രാത്രി ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ “സുശാസൻ കി ജീത് (നല്ല ഭരണത്തിന്റെ വിജയം)” എന്നാണ് പ്രധാനമന്ത്രി മോദി ബീഹാറിലെ വിജയത്തെ വിശേഷിപ്പിച്ചത്. നിതീഷ്, തന്റെ അനുയായികൾക്കിടയിൽ “സുശാസൻ ബാബു” എന്നാണ് അറിയപ്പെടുന്നത് എന്നുള്ളതാണ് ഈ വിശേഷണത്തിന് പിന്നിലുള്ളത്. കഴിഞ്ഞ 20 വർഷമായി ക്രമസമാധാനപാലനവും വികസനവും മെച്ചപ്പെടുത്തുന്നതിലൂടെ ബീഹാറിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ കഴിഞ്ഞതിൽ നിതീഷ് കുമാർ വഹിച്ചിട്ടുള്ള പങ്ക് സൂചിപ്പിച്ചുകൊണ്ടാണ് മോദി അദ്ദേഹത്തെ പ്രശംസിച്ചത്.









Discussion about this post