ലഖ്നൗ: ഉത്തർ പ്രദേശിലെ കാകോരിയിൽ നിന്നും അൽഖ്വയിദ ഭീകരർ പിടിയിലായി. ഒരു വീട്ടിനുള്ളിൽ ഒളിഞ്ഞിരുന്ന രണ്ട് ഭീകരരാണ് ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. ഭീകരർ ഒളിഞ്ഞിരിക്കുന്നതിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
ഷഹീദ് എന്നയാളുടെ വീട്ടിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. രണ്ട് പ്രഷർ കുക്കർ ബോംബുകൾ, ഒരു ഡിറ്റണേറ്റർ, 7 കിലോ ഗ്രാം സ്ഫോടക വസ്തുക്കൾ എന്നിവയും ഭീകരരുടെ പക്കൽ നിന്നും കണ്ടെടുത്തു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. സമീപത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബിജെപി ജനപ്രതിനിധികളെയും നേതാക്കളെയും വധിക്കാനാണ് ഭീകരർ എത്തിയതെന്നാണ് റിപ്പോർട്ട്.
വിവിധ സേനാ വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പിടിയിലായവരെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.








