ഗുവാഹത്തി: ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് നിരോധിച്ചു കൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബിൽ അസം നിയമസഭയിൽ അവതരിപ്പിച്ചു. പുതിയ ബിൽ പ്രകാരം ഹിന്ദു, ജൈന, സിഖ് ആരാധനാലയങ്ങൾക്ക് സമീപം ബീഫ് വിൽക്കാൻ സാധിക്കില്ല.
കൃത്യമായ രേഖകളില്ലാതെ കന്നുകാലികളെ കൊണ്ടു പോകുന്നതും തടയും. വെറ്ററിനറി ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തൽ ഇല്ലാതെ സംസ്ഥാനത്ത് ഒരിടത്തും കശാപ്പ് അനുവദിക്കില്ല. 14 വയസ്സിൽ കൂടുതലുള്ള കന്നുകാലികളെ മാത്രമേ കശാപ്പിനായി കൊല്ലാൻ അനുവാദമുള്ളൂ.
നിയമലംഘനം നടത്തുന്ന കശാപ്പു ശാലകളുടെ ലൈസൻസ് റദ്ദാക്കും. കന്നുകാലി സംരക്ഷണ നിയമം ലംഘിച്ചാൽ ജാമ്യം ലഭിക്കില്ല. കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കാളകൾ, പശുക്കൾ, എരുമകൾ, പോത്തുകൾ, കന്നുകുട്ടികൾ എന്നിവ ഈ നിയമ പ്രകാരം ‘കന്നുകാലികൾ‘ എന്ന നിർവചനത്തിൻ കീഴിൽ വരും.








