പ്രണവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായിരുന്നു വെള്ളിയാഴ്ച. ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരായിരുന്നു ഈ താരപുത്രന് ആശംസ അറിയിച്ച് രംഗത്തുവന്നത്. പ്രണവിന്റെ പുതിയ ചിത്രമായ ‘ഹൃദയം’ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പിറന്നാൾ ആശംസകൾ അറിയിച്ചത്. ക്യാമറയുമായി മുഖത്തൊരു പുഞ്ചിരി വിടർത്തി ഫോട്ടോ എടുക്കാൻ നിൽക്കുന്ന പ്രണവിനെ പോസ്റ്ററിൽ കാണാം. ചിത്രം സിനിമയിലെ മോഹൻലാലിന്റെ ലുക്കുമായി ആരാധകർ ഈ പോസ്റ്ററിനെ താരതമ്യം ചെയ്യുന്നുണ്ട്.
”അപ്പുവിനെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഈ സിനിമ പുറത്തിറങ്ങി ആളുകൾ കാണുന്നതുവരെ ഞാൻ കാത്തിരിക്കും. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്യുന്നു. പിറന്നാൾ ആശംസകൾ ഞങ്ങളുടെ പ്രിയപ്പെട്ട പ്രണവ് മോഹൻലാലിന്.” വിനീത് ശ്രീനിവാസൻ കുറിച്ചു.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം.












